മാവണ്ടിയൂർ കൂരിയാൽ- എടയൂർ വായനശാല റോഡ് എന്ന് തീരും ദുരിതയാത്ര
text_fieldsഎടയൂർ വായനശാല - മാവണ്ടിയൂർ കൂരിയാൽ റോഡ് തകർന്ന നിലയിൽ
എടയൂർ: പണിതിട്ടും പണിതിട്ടും മാവണ്ടിയൂർ കൂരിയാൽ- എടയൂർ വായനശാല റോഡിന്റെ ദുരിതയാത്രക്ക് അറുതിയില്ല. വായനശാല മുതൽ മാവണ്ടിയൂർ കൂരിയാൽ ജങ്ഷൻ വരെ പല ഭാഗങ്ങളും തകർന്ന് കിടക്കുകയാണ്. എടയൂർ ഗ്രാമപഞ്ചായത്തിൽ നവീകരണത്തിനായി കൂടുതൽ പ്രാവശ്യം തുക വകയിരുത്തിയത് നാല് കീലോമീറ്ററിനടുത്ത് വരുന്ന ഈ റോഡിനാണ്. നവീകരണം നടത്തിയാൽ വൈകാതെ പല ഭാഗങ്ങളും തകരുന്നു.
കരിങ്കൽ, ചെങ്കൽ ലോറികൾ പോകുന്നതിനാലാണിത്. മാവണ്ടിയൂർ ഹയർ സെക്കൻ്ററി സ്കൂൾ, വിവിധ മദ്റസകൾ, വടക്കുംപുറം കെ.വി.യു.പി സ്കൂൾ തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. വളാഞ്ചേരിയിലും, എടയൂരുമുള്ള ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബസ്സുകളും ഇതു വഴി സർവീസ് നടത്തുന്നുണ്ട്. പൊതുമാരാമത്ത് വകുപ്പിന് കീഴിലുള്ള റോഡാണിത്. നേരത്തെ കൂരിയിൽ മുതൽ മാവണ്ടിയൂർ ഹൈസ്കൂൾ റോഡ് വരെയുള്ള ഭാഗം പഞ്ചായത്തിന് കീഴിലായിരുന്നു.
എടയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി വകയിരുത്തിയിരുന്നു. പഞ്ചായത്ത് ഓഫിസിന് മറ്റൊരു ഫണ്ട് ലഭിച്ചതോടെ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സർക്കാർ ഈ ഒരു കോടി രൂപ കൂരിയിൽ - വായനശാല റോഡ് നവീകരണത്തിനായി മാറ്റി വെച്ചു.ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും റോഡ് പൂർണമായി നവീകരിക്കാൻ ഈ തുക പര്യാപ്തമല്ല.

