മാറഞ്ചേരി-പരിച്ചകം റോഡ് പുനർനിർമാണം ഉടൻ
text_fieldsമാറഞ്ചേരി-പരിച്ചകം റോഡ് പുനർനിർമാണത്തിന്റെ എസ്റ്റിമേറ്റ്
തയാറാക്കൽ ആരംഭിച്ചപ്പോൾ
മാറഞ്ചേരി: വർഷങ്ങളായി തകർന്ന് ഗതാഗതം ദുസ്സഹമായ മാറഞ്ചേരി-വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരിച്ചകം റോഡിന്റെ ശോച്യാവസ്ഥക്ക് ഒടുവിൽ പരിഹാരമാകുന്നു. ജില്ല പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് റോഡ് പുനർ നിർമിക്കാൻ തീരുമാനമായി.
35 ലക്ഷം രൂപയാണ് നവീകരണത്തിന് ജില്ല പഞ്ചായത്ത് വകയിരുത്തിയത്. മാറഞ്ചേരി, പരിച്ചകം ഹെൽത്ത് സെന്റർ, ഡയാലിസിസ് സെന്റർ, വില്ലേജ് ഓഫിസ് മുതലായ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് രോഗികളും മറ്റുള്ളവരും യാത്ര ചെയ്യുന്ന റോഡാണ് തകർന്ന് തരിപ്പണമായത്.
റോഡിന്റെ ടാറിങ്ങിന് ഒന്നര വർഷം മുമ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല. പിന്നീട് ജില്ല പഞ്ചായത്തും ഫണ്ട് വകയിരുത്തിയെങ്കിലും നിർമാണം വാക്കിൽ ഒതുങ്ങി. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം എ.കെ. സുബൈറിന്റെ നിരന്തര ഇടപെടലിനെത്തുടർന്നാണ് പുനർനിർമാണം യാഥാർഥ്യത്തിലേക്കെത്തിയത്. ഇതിന്റെ ഭാഗമായി റോഡിന്റെയും കാനയുടെയും എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രവൃത്തി നടന്നു.
ജില്ല പഞ്ചായത്ത് മെംബർ എ.കെ. സുബൈറിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാരായ മെഹറലി, റെജുല ഗഫൂർ, സുലൈഖ റസാഖ്, എ.ഇ ഷാജഹാൻ, ഓവർസിയർ അജീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

