മാറഞ്ചേരി ഡയാലിസിസ് കേന്ദ്രത്തിന് ശാപമോക്ഷം
text_fieldsമാറഞ്ചേരി ഡയാലിസിസ് സെന്റർ
മാറഞ്ചേരി: നിർധനരായ ഡയാലിസിസ് രോഗികളുടെ ആശാ കേന്ദ്രമായി 2013ൽ മാറഞ്ചേരി പഞ്ചായത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഡയാലിസിസ് കേന്ദ്രം കൂടുതൽ സൗകര്യങ്ങളോടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തനമാരംഭിക്കുന്നു. നവീകരിച്ച കേന്ദ്രം വെള്ളിയാഴ്ച മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും.
ആറ് മെഷിനുകൾ സജ്ജീകരിച്ച് രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ 11 രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. കൂടുതൽ മെഷിനുകൾ ലഭ്യമാവുന്നതോടെ മൂന്ന് ഷിഫ്റ്റിൽ 36 പേർക്ക് ഓരോ ദിവസവും ഡയാലിസിസ് സൗകര്യമൊരുക്കാനാണ് തീരുമാനം.
ഇതിനായി മുകളിലെ നിലയും സജ്ജീകരിക്കും. നിലവിൽ എട്ട് ജീവനക്കാരുമായാണ് പ്രവർത്തനം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന നൽകിയാണ് പ്രവർത്തിക്കുക.
ബ്ലോക്ക് പഞ്ചായത്തിന്‍റെയും, ഗ്രാമ പഞ്ചായത്തുകളുടെയും വിഹിതത്തിന് പുറമെ സുമനസ്സുകളിൽ നിന്ന് സമാഹരിക്കുന്ന തുകയും ഉപയോഗിച്ചാണ് ചെലവ് കണ്ടെത്തുക. വിപുലീകരണത്തിനും ചെലവുകൾക്കുമായി സഹകരണം ഉണ്ടാവണമെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഇ. സിന്ധു അഭ്യർഥിച്ചു. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. സൗദാമിനി, പി. നൂറുദ്ദീൻ, താജുന്നീസ അൻവർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

