നാടൻതോക്ക് നിർമാണം: വയോധികൻ അറസ്റ്റിൽ
text_fieldsകാളികാവ്: നാടൻ തോക്കുമായി വയോധികൻ അറസ്റ്റിൽ. നാടൻ തോക്ക് നിർമാണവും അറ്റകുറ്റപ്പണികളും ചെയ്തു വന്നിരുന്ന കാളികാവ് അരിമണൽ സ്വദേശി പുന്നത്താനത്ത് രാജുവിനെയാണ് (66) കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീടിനോടു ചേർന്ന പണിശാലയിൽ തോക്ക് നിർമാണവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചു.
തുടർന്ന് കാളികാവ് പൊലീസ് ഇൻസ്പെക്ടർ ഇ.വി. അനീഷിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് തോക്കിന്റെ ബാരൽ ഉൾപ്പെടുന്ന ഭാഗവും അനുബന്ധ സാധനങ്ങളും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ എ. സുബ്രഹ്മണ്യൻ, അൻവർ സാദത്ത്, എ.എസ്.ഐ സാബിറ, സീനിയർ സി.പി.ഒ നൗഷാദ്, സി.പി.ഒ മഞ്ജുള എന്നിവരും ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

