മറിയുമോ തുടരുമോ മങ്കട?
text_fields1.മങ്കട മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ് വിളംബര ജാഥയില്‍ 2. മങ്കട മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി
അലി തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
മങ്കട: മുസ്‍ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരരംഗത്തു വന്ന, ലീഗിന്റെ മുൻ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ ചെമ്പട്ട് നല്‍കി സ്വീകരിച്ചതോടെ മങ്കടയിൽ വിജയ സാധ്യത തെളിഞ്ഞുവെന്ന പ്രതീക്ഷ സി.പി.എം കേന്ദ്രങ്ങളിലുണ്ട്. സി.പി.എം ജില്ല കമ്മറ്റി അംഗം എം.പി അലവിയുടെ പത്രിക പിന്‍വലിച്ചാണ് ഇടതുപക്ഷം മുഹമ്മദിന് വഴിയൊരുക്കിയത്. ഇടതിനെയും വലതിനെയും തൊട്ടും തലോടിയുമുള്ള യാത്രയില്‍ മങ്കട മണ്ഡലത്തിൽ എൽ.ഡി.എഫിന് മൂന്നു തവണ മാത്രമാണ് ഇടം ലഭിച്ചത്. ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനാണ് ആധിപത്യം ഉണ്ടായത്. കുന്നത്ത് മുഹമ്മദിന്റെ കുടുംബ വോട്ടുകളും അലി വിരുദ്ധരുടെ വോട്ടുകളും കൂടെ ഇടതുപക്ഷത്തിന്റെ വോട്ടുകളും ലഭിക്കുമ്പോള്‍ മങ്കടയിൽ സുഖമായി ജയിച്ചു കയറാമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.
2016ല്‍ ടി.കെ. റഷീദലിയുമായി ശക്തമായ മല്‍സരം നടന്ന വേളയിൽ മഞ്ഞളാംകുഴി അലിക്ക് കേവലം 1508 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അലി വിരുദ്ധ വികാരം ഇത്തവണ യു.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കാനിടയില്ലെന്നും വിജയം തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നുമാണ് യു.ഡി.എഫ് കരുതുന്നത്. എം.എല്‍.എ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളും നിരത്തിയാണ് യു.ഡി.എഫ് വോട്ട് ചോദിക്കുന്നത്. എന്നാല്‍, വികസന മുരടിപ്പും അങ്ങാടിപ്പുറം മേൽപ്പാലം, ബൈപ്പാസ് തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തുള്ളത്. മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തുകളിലായി ആറു വാര്‍ഡ് അംഗങ്ങളും ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗവുമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിന് നിര്‍ണായകമാകും. ഡോ. സി.എച്ച്. അശ്‌റഫ് ആണ് ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാർഥി. എന്‍.ഡി.എ സ്ഥാനാർഥി ലിജോയ് പോള്‍ താമര ചിഹ്നത്തിലും മല്‍സരിക്കുന്നു. 2015ലും 2021ലും മങ്കടയെ പ്രതിനിധീകരിച്ച മഞ്ഞളാംകുഴി അലി ഇത് മൂന്നാം തണയാണ് മങ്കടയില്‍ യു.ഡി.എഫിനായി മത്സരിക്കുന്നത്.
വമ്പിച്ച ഭൂരിപക്ഷം ഉറപ്പ് -മഞ്ഞളാംകുഴി അലി
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും മുന്നില്‍ വെച്ചുകൊണ്ടാണ് വോട്ട് ചോദിക്കുന്നത്. അതിനാല്‍ തന്നെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പാണ്
മണ്ഡലത്തിൽ വികസന മുരടിപ്പ് -കുന്നത്ത് മുഹമ്മദ്
മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയാണ് ജനവിധി തേടുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വമ്പിച്ച വിജയം കൈവരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

