അകക്കണ്ണിൽ കാടിനെ തൊട്ടറിഞ്ഞ് വിദ്യാർഥികൾ
text_fieldsവള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയത്തിലെ വിദ്യാർഥികൾ കാളികാവ് വനത്തിൽ
മങ്കട: സാമൂഹിക ശാസ്ത്രത്തിലെ കാടുകളെ കുറിച്ച് പഠിക്കാനായി വള്ളിക്കാപ്പറ്റ അന്ധവിദ്യാലയ വിദ്യാർഥികളും ജീവനക്കാരും കാളികാവ് റേഞ്ചിലെ ചക്കികുഴി സ്റ്റേഷൻ ടി.കെ. കോളനി സന്ദർശിച്ചു. 34 വിദ്യാർഥികളും ജീവനക്കാരും രാവിലെ തന്നെ കോളനിയിൽ എത്തി. ഗൈഡിന്റെ സഹായത്തോടെ വിവിധ മരങ്ങൾ, ഇലകൾ, നീരൊഴുക്ക്, പാറക്കെട്ടുകൾ എന്നിവ കേട്ടും, സ്പർശിച്ചും കുട്ടികൾ അകക്കണ്ണിൽ ആവാഹിച്ചു.
നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ കാടിന്റെ ഹൃദയത്തിലൂടെ ഇറങ്ങി നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് വണ്ടൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. വിനു കുട്ടികളോട് സംവദിച്ചു. പ്രധാനാധ്യാപകൻ പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ്, ജെ.ടി. ഹമീദ്, എ.കെ. നാസർ എന്നിവർ സംസാരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ ആദിവാസികളുമായി സംവദിക്കുകയും അവരുടെ ഭാഷ, ഉൽപന്നങ്ങൾ, ഗുഹ എന്നിവ കുട്ടികൾ തൊട്ടറിയുകയും ചോദിച്ചറിയുകയും ചെയ്തു. വന സംരക്ഷണ സമിതിയുടെ ഉപഹാരം റേഞ്ച് ഓഫിസർ വിതരണം ചെയ്തു.