മങ്കടയിൽ യു.ഡി.എഫ് മുന്നേറ്റം
text_fieldsപ്രതീകാത്മക ചിത്രം
മങ്കട: മങ്കട നിയമസഭാ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വിജയിച്ച് യു.ഡി.എഫ് മുന്നേറ്റം കുറിച്ചു. 2020ൽ മൂർക്കനാട് പഞ്ചായത്ത് മാത്രമാണ് എൽ.ഡി.എഫിന് കീഴിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ മൂർക്കനാടും യു.ഡി.എഫിന് ലഭിച്ചു. മങ്കട, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയപ്പോൾ മൂർക്കനാട് പഞ്ചായത്ത് എൽ.ഡി.എഫിൽനിന്നും പിടിച്ചെടുത്താണ് മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്.
കുറുവ പഞ്ചായത്തിലും ഇത്തവണ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. കുറുവ പഞ്ചായത്തിൽ 24 വാർഡിൽ 21 വാർഡും യു.ഡി.എഫിന് ലഭിച്ചു. മൂർക്കനാട് പഞ്ചായത്തിൽ 22ൽ 14 വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു. മങ്കട പഞ്ചായത്തിൽ 21 വാർഡിൽ 16 വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു. പുഴക്കാട്ടിരി പഞ്ചായത്തിൽ 19ൽ 17 സീറ്റും യു.ഡി.എഫ് നേടി. മങ്കട ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നിലനിർത്തി. 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ മഞ്ഞളാംകുഴി അലിക്ക് ലഭിച്ചത് 83,231 വോട്ടുകൾ (49.46 ശതമാനം) സി.പി.എമ്മിലെ ടി.കെ. റഷീദലിക്ക് ലഭിച്ചത് 76,985 വോട്ടുകളും (45.75%) മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 6,246. അന്ന് മൂർക്കനാട് പഞ്ചായത്ത് എൽ.ഡി.എഫ് ആണ് ഭരിച്ചിരുന്നത്.
എന്നാൽ, മാറിയ സാഹചര്യത്തിൽ എല്ലാ പഞ്ചായത്തുകളും യു.ഡി.എഫിന് അനുകൂലമായതോടെ നിയമസഭ മണ്ഡലത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്. മക്കര പറമ്പ്, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലെ നിർണായകമായ വെൽഫെയർ പാർട്ടി വോട്ടുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ട് . മങ്കട പഞ്ചായത്തിലും വെൽ ഫെയർപാർട്ടി വോട്ടുകൾ നിർണായകമാണ്. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വെൽഫെയർ പാർട്ടി വോട്ടുകൾ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

