മങ്കട സി.എച്ച്.സിയിൽ രാത്രികാല ഒ.പി നാളെ മുതൽ
text_fieldsമങ്കട സി.എച്ച്.സി
മങ്കട: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വ്യാഴാഴ്ച മുതൽ 24 മണിക്കൂർ ഒ.പി സേവനം. കഴിഞ്ഞ മാസം നടക്കാനിരുന്ന രാത്രികാല ഒ.പിയുടെ ഉദ്ഘാടനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റുകയായിരുന്നു.
മങ്കട ബ്ലോക്ക് പഞ്ചായത്താണ് ആവശ്യമായ ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും നിയമിച്ചത്. രാത്രി ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സക്ക് മഞ്ചേരിയിലോ പെരിന്തൽമണ്ണയിലോ പോകേണ്ട സ്ഥിതിയായിരുന്നു.
ആശുപത്രിയിൽ കാഷ്വാലിറ്റി സൗകര്യം വേണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും സർക്കാറിനോട് നിരന്തരം ആവശ്യപ്പെട്ട് വരുകയായിരുന്നു. ഇതിൽ നടപടി വൈകുന്ന സാഹചര്യത്തിലാണ് താൽക്കാലിക പരിഹാരമായി ബ്ലോക്ക് പഞ്ചായത്തിെൻറ ഇടപെടൽ. രണ്ട് ഡോക്ടർമാരെയും ഫാർമസിസ്റ്റിനെയും സ്വീപ്പറെയും നിയമിച്ചു കഴിഞ്ഞു. കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ മങ്കട ഗ്രാമപഞ്ചായത്തും ശ്രമം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർമാരെ നിയമിക്കാൻ സർക്കാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സർക്കാറിെൻറ കോഓഡിനേഷൻ കമ്മിറ്റി 21ന് അപേക്ഷ പരിഗണിക്കും.
രാത്രികാല സേവനം തുടങ്ങുന്നതിെൻറ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച രാവിലെ 10ന് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൽ കരീം, ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക തുടങ്ങിയവർ സംബന്ധിക്കും.
കാഷ്വാലിറ്റി അനുവദിക്കണമെന്ന് എച്ച്.എം.സി
മങ്കട: ഗവ. ആശുപത്രിയിൽ സ്ഥിരം കാഷ്വാലിറ്റി ഒരുക്കാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ സർവകക്ഷി സംഘം ആരോഗ്യ മന്ത്രിയെ കാണും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 26ന് വൈകീട്ട് മൂന്നിന് സി.എച്ച്.സിയിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ട്രോമാകെയർ തുടങ്ങിയവർ പങ്കെടുക്കും.
എച്ച്.എം.സി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്ഗർ അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ശശീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ഷംസുദ്ദീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി. കൃഷ്ണദാസ്, സൈഫുല്ല കറുമുക്കിൽ, ഫൈസൽ മാമ്പള്ളി, സമദ് പറച്ചിക്കോട്ടിൽ, ഡോ. ഫൈസൽ, ടി.ടി. ബഷീർ, എൻ.എച്ച്.എം കോഓഡിനേറ്റർ നിയാസ്, അബൂബക്കർ എന്നിവർ സംബന്ധിച്ചു.