കുരങ്ങൻചോലയിൽ പുലിയെ കണ്ടു; മങ്കടയിൽ വീണ്ടും ഭീതി
text_fieldsനാളിക്കുഴിയൻ കമാലിയുടെ വീട്ടുമുറ്റത്ത് കണ്ട പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ
മങ്കട: കഴിഞ്ഞയാഴ്ച ചേരിയം മലയിൽ പുലിയെ കണ്ടതിന് പിറകെ, പടിഞ്ഞാറു ഭാഗത്ത് ചേരിയം മലയോട് ചേർന്നുകിടക്കുന്ന കുരങ്ങൻ ചോലയിൽ ഞായറാഴ്ച പുലർച്ചെ പുലിയെ കണ്ടതായി നാട്ടുകാർ. കുരങ്ങൻ ചോല ക്രഷറിന് സമീപമുള്ള റബർ തോട്ടത്തിലേക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികളാണ് പുലർച്ചെ നാലിന് പുലിയെ കണ്ടതായി പറയുന്നത്.
ചേരിയം മലയോട് ചേർന്നുനിൽക്കുന്ന മുക്കിൽ ചേരിയം പ്രദേശത്ത് നാളിക്കുഴിയൻ കമാലിയുടെ വീട്ടുമുറ്റത്ത് ഞായറാഴ്ച രാവിലെ പുലിയുടേതെന്ന് കരുതുന്ന കാലടികൾ കണ്ടു. പുലി ഓടിപ്പോയതിന്റെ കാലടികളാണ് മുറ്റത്ത് നനവുള്ള ഭാഗത്ത് പതിഞ്ഞത്. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചേരിയം മലയുടെ കിഴക്ക് ഭാഗത്ത് യമ്മംകുളത്തിന് സമീപം മുതുകാടൻ ഹൈദ്രോസ് പുലിയെ കണ്ടതായി അറിയിച്ചത്. ഇയാളുടേതടക്കം നിരവധി ആടുകളെ മുമ്പ് കാണാതായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.