മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് ; വീടുകളിലെത്തുന്നത് വിവാഹ ദല്ലാളെന്ന വ്യാജേന
text_fieldsമങ്കട: മങ്കട സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പർ നൽകി ആളുകളെ കബളിപ്പിച്ച് അപരൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. വിവാഹ ദല്ലാൾ എന്ന വ്യാജേന വീടുകളിൽ ചെന്ന് സംസാരിച്ച് ദല്ലാൾ ഫീസിനത്തിൽ ആദ്യ ഗഡുവായി 500, 1000 എന്നിങ്ങനെ പണം കൈപ്പറ്റിയ ശേഷം ബന്ധപ്പെടാനെന്ന് പറഞ്ഞ് മങ്കട സ്വദേശിയുടെ മൊബൈൽ നമ്പർ നൽകിയാണ് തട്ടിപ്പ്.
വീട്ടമ്മമാരാണ് തട്ടിപ്പിനിരയാകുന്നത്. ദല്ലാളിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഇല്ലാതാകുമ്പോൾ ഇവർ ഈ നമ്പറിലേക്ക് വിളിക്കുന്നു. അപ്പോഴാണ് കബളിക്കപ്പെട്ട കാര്യം വീട്ടമ്മമാർ അറിയുന്നത്. മലപ്പുറം, തൃശൂർ, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളിൽ ഇപ്രകാരം തട്ടിപ്പ് നടത്തിയതായാണ് വിവരം.
രാകേഷ്, സജി, തുടങ്ങിയ വിവിധ പേരുകളാണ് പലയിടത്തും നൽകുന്നത്. വിലാസം നൽകുന്നില്ല. കബളിപ്പിക്കപ്പെട്ടവരുടെ നിരന്തര വിളി കാരണം പൊറുതിമുട്ടിയാണ് മങ്കട സ്വദേശി പൊലീസിൽ പരാതി നൽകിയത്.