കാറിടിച്ച് ബൈക്ക് യാത്രികനും വിദ്യാർഥികൾക്കും പരിക്ക്
text_fieldsമങ്കടയിൽ അപകടത്തിൽപെട്ട കാറും ബൈക്കും
മങ്കട: മങ്കട മേലെ അങ്ങാടിയിൽ കാർ ഇടിച്ച് വഴിയാത്രക്കാരായ വിദ്യാർഥികൾക്കും ബൈക്ക് യാത്രികനും പരിക്ക്. മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ കുളപ്പറമ്പ് പാറപ്പുറത്ത് ഉസ്മാെൻറ മകൻ നിഹാൽ (17), പഴമള്ളൂർ കുണ്ടിൽ പീടിയേക്കൽ സൈതാലിയുടെ മകൻ നജ്മുദ്ദീൻ (19), ബൈക്ക് യാത്രികനായ വള്ളിക്കാപറ്റ ചോറയിൽ റിഷാൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മലപ്പുറം റോഡിൽ നിന്ന് മങ്കട ടൗണിലേക്ക് ഇറങ്ങി വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരിൽ സംസ്ഥാന പാതക്കരികിലെ മൊബൈൽ കടയുടെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം റോഡിലൂടെ ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥികളെയും ബൈക്കിനെയും ഇടിക്കുകയായിരുന്നു. മങ്കട പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തു.