വേരുംപിലാക്കലിൽ വീണ്ടും അപകട മരണം
text_fieldsമങ്കട: വേരുംപിലാക്കലിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചതോടെ പ്രദേശത്ത് അടുത്തിടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ കണ്ണംതൊടി നിഷാദിന്‍റെ ഭാര്യ നൗഫിലയാണ് (32) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ വേരുംപിലാക്കലിൽ വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭർത്താവ് ഓടിച്ചിരുന്ന സ്കൂട്ടറിൽ മഞ്ചേരിയിൽ ഡോക്ടറെ കണ്ടു പൊന്ന്യാകുർശിയിലേക്ക് മടങ്ങവെയാണ് അപകടം. കാറിടിച്ച ഓട്ടോയിലെ ഡ്രൈവറടക്കം മൂന്നു പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിന് ഇതേ ഭാഗത്ത് ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് മൂന്നുപേർ തൽക്ഷണം മരിച്ചിരുന്നു. സംഭവസ്ഥലം കർക്കിടകത്തിനും വേരുംപിലാക്കലിനും ഇടയിലുള്ള ചെറിയ വളവോടു കൂടിയ ഇറക്കമാണ്. കഴിഞ്ഞ വർഷം നടന്ന അപകടത്തെ തുടർന്ന് മങ്കട ട്രോമ കെയർ പൊലീസുമായി സഹകരിച്ച് റോഡിലേക്ക് തൂങ്ങി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റിയിരുന്നു. കർക്കിടകം ഭാഗത്തുനിന്ന് മഞ്ചേരി ഭാഗത്തേക്ക് നേരെയുള്ള റോഡിൽ വാഹനങ്ങൾ വേഗതയിൽ പോകുന്നതാണ് വളവിൽ അപകടം സൃഷ്ടിക്കുന്നത്. ഈ ഭാഗത്ത് അമിത വേഗത നിയന്ത്രിക്കുകയും അപകട സൂചന ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടന്നമണ്ണയിൽ അപകടം തുടർക്കഥയായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഹമ്പുകൾ സ്ഥാപിച്ചിരുന്നു.