അപകടക്കുഴിയൊരുക്കി മങ്കട ടൗൺ
text_fieldsമങ്കട മേലെ ജങ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി
മങ്കട: അധികൃതരുടെ അനാസ്ഥ കാരണം മങ്കട ടൗണിലൂടെയുള്ള യാത്രക്കാർ അപകടഭീതിയിലാണ്. മങ്കട മേലെ ജങ്ഷനിൽ മലപ്പുറം റോഡ് തിരിയുന്ന ഭാഗത്താണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പലതവണയായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായി പോയിരുന്ന ഭാഗത്ത് ജലഅതോറിറ്റിയുടെ വക ഓട്ടയടക്കൽ നടത്തിയിരുന്നു.
ഒട്ടും ശാസ്ത്രീയമല്ലാതെ പലതവണയായി നടത്തിയ ഓട്ടയടക്കൽ ഫലം കാണാതെ വീണ്ടും പൈപ്പ് പൊട്ടുകയും റോഡ് തകരുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നിരന്തരമായ ഈ പ്രശ്നം കാരണം റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽ പെടുകയാണ്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ നവംബറിലാണ് വീണ്ടും പൈപ്പ് പൊട്ടിയ കുഴിയടച്ച് കോൺക്രീറ്റ് ചെയ്തത്. എന്നാൽ, ഒരു ആഴ്ച പിന്നിടുമ്പോഴേക്കും വീണ്ടും പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയും ക്രമേണ റോഡ് തകരാൻ ആരംഭിക്കുകയും ചെയ്തു.
പ്രശ്ന പരിഹാരത്തിന് സ്ഥിരമായ ഒരു സംവിധാനം ഏർപ്പെടുത്താത്തത് കാരണം ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണ് അമർന്ന് വീണ്ടും പൈപ്പ് പൊട്ടുകയാണ്. മൂർക്കനാട്, കർക്കിടകം എന്നീ രണ്ടുപദ്ധതികളുടെ പ്രധാന ലൈനുകളാണ് ഈ ഭാഗത്ത് കൂടെ കടന്നുപോകുന്നത്. മലപ്പുറം റോഡിൽനിന്ന് മങ്കട ജങ്ഷനിലേക്ക് ഇറങ്ങിവരുന്ന ഭാഗത്താണ് ഈ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ രണ്ടുമാസമായി രൂപപെട്ട കുഴി വലിയ കിടങ്ങായി മാറിയിരിക്കുകയാണ്. ലൈൻ ബസുകൾക്ക് പുറമേ സ്കൂൾ ബസുകളും മറ്റു വലിയ വാഹനങ്ങളും നിരന്തരം യാത്ര ചെയ്യുന്ന ഒരു ഭാഗമാണ് ഇപ്പോൾ അധികൃതർ ആരും തന്നെ തിരിഞ്ഞു നോക്കാതെ അവഗണയിൽ കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

