പ്രായത്തെ പിടിച്ചുകെട്ടി ഉണ്ണിഹസെൻറ അശ്വമേധം
text_fieldsഉണ്ണിഹസൻ തെൻറ കുതിരകളുമായി
മഞ്ചേരി: പ്രായം തനിക്ക് വെറും അക്കമാണെന്ന് തെളിയിച്ച് കുതിരപ്പുറത്ത് പായുകയാണ് മേമാട് മോഴിക്കൽ വീട്ടിൽ ഉണ്ണിഹസൻ. കുതിരസവാരി പഠിക്കണം എന്നുള്ളവർക്ക് മേമാട്ടിലെ വീട്ടിലെത്തിയാൽ മതി. 65ാം വയസ്സിലും കുതിരസവാരി പഠിപ്പിക്കുകയാണ് ഇദ്ദേഹം. കർഷകനായ ഉണ്ണിഹസൻ തെൻറ ഒഴിവുസമയങ്ങളിലാണ് കുതിരയുമായി ചുറ്റുന്നത്.
വീടിനടുത്തുള്ള മൈതാനത്താണ് പരിശീലനം. ലക്ഷണമൊത്ത രണ്ട് കുതിരകളാണ് വീട്ടിലുള്ളത്. ടിപ്പുവെന്ന ആൺകുതിരയും റാണി എന്ന പെൺകുതിരയും. മൂന്ന് കൊല്ലം മുമ്പാണ് റാണിെയ വീട്ടിലെത്തിക്കുന്നത്. അവശയായ നിലയിലായിരുന്നു. ഭക്ഷണവും മറ്റും നൽകി പരിചരിച്ചു. പിന്നീട് കുതിരസവാരിക്ക് കൊണ്ടുപോകാനാവുന്ന വിധം മാറ്റിയെടുത്തു.
അതിനുള്ള കടപ്പാടും റാണിക്കുണ്ട്. വീട്ടിലുള്ള ചെറിയ കുട്ടികൾക്ക് വരെ അടുപ്പമാണ്. ഒരുവർഷം മുമ്പ് ടിപ്പുവിനെയും കൊണ്ടുവന്നു. പുല്ല്, വെള്ളം, മുതിര, കടല, ഗോതമ്പ്, ചെറുപയർ, വയ്ക്കോൽ എന്നിവയാണ് ഭക്ഷണം. ഒന്നിടവിട്ട ദിവസങ്ങളിൽ കുളിപ്പിക്കുകയും ചെയ്യും. അടുത്ത പ്രദേശങ്ങളിൽനിന്നെല്ലാം കുതിര സവാരി പഠിക്കാനായി പലരും ഉണ്ണിഹസെൻറ അടുക്കലെത്താറുണ്ട്.
പേരക്കുട്ടികളായ ഫാത്തിമ ഷെറിൻ, സമ്മാസ്, മുഹമ്മദ് ഷഹബാസ്, മുഹമ്മദ് നാസിം, സിയ എന്നിവരെല്ലാം അസ്സലായി സവാരി നടത്തും. വീട്ടുകാരും പിന്തുണയുമായി കൂടെയുണ്ട്. ഈ വർഷമാദ്യം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന കുതിരസവാരിയിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു.