മഞ്ചേരിയിൽ കൂടുതൽ കരുത്തുമായി യു.ഡി.എഫ്
text_fieldsപ്രതീകാത്മക ചിത്രം
മഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പെന്ന ഫൈനലിന് മുമ്പായി തദ്ദേശത്തെരഞ്ഞെടുപ്പെന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചതോടെ മഞ്ചേരി നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് കൂടുതൽ കരുത്തരായി. മണ്ഡലത്തിന് കീഴിൽ വരുന്ന മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് ആധിപത്യം അരക്കെട്ടുപ്പിറക്കുന്ന കാഴ്ചയാണ്. മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പിലെ ഫലങ്ങൾ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ്.
മണ്ഡലത്തിൽ നിന്നും വിജയിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്നത് നഗരസഭയിൽ നിന്നാണ്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റാണ് യു.ഡി.എഫ് നേടിയതെങ്കിൽ ഇത്തവണ അത് 36 ആക്കി വർധിപ്പിച്ചു. 68752 വോട്ടർമാരാണ് മഞ്ചേരി നഗരസഭയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 37,693 വോട്ടുകളും യു.ഡി.എഫ് നേടി. പോൾ ചെയ്തതിൽ 50 ശതമാനത്തിലധികം വോട്ടും നേടിയതും യു.ഡി.എഫിന് നേട്ടമാണ്. എൽ.ഡി.എഫ് 26,657 വോട്ട് നേടി. 11,036 വോട്ടാണ് എൽ.ഡി.എഫിനേക്കാൾ യു.ഡി.എഫ് നേടിയെടുത്തത്. ഇതിന്‍റെ പ്രതിഫലനം നിയമസഭ തെരഞ്ഞെടുപ്പിലും കാണാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.
തൃക്കലങ്ങോട് പഞ്ചായത്തിൽ സീറ്റ് വർധിപ്പിച്ചാണ് യു.ഡി.എഫ് തേരോട്ടം നടത്തിയത്. 16 സീറ്റുള്ളത് 18 ആക്കി വർധിപ്പിച്ചു. ഇടത് കോട്ടയിലടക്കം വിള്ളൽ വീണു. 24 വാർഡുകളിൽ നിന്നായി 20,610 വോട്ട് യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് 14,892 വോട്ടും നേടി. എടപ്പറ്റയിൽ വീണ്ടും വിജയക്കൊടി പാറിച്ച് യു.ഡി.എഫ് അധികാരത്തിലെത്തി. ആകെയുള്ള 17 വാർഡുകളിൽ 14ലും വിജയിച്ചാണ് യു.ഡി.എഫിന്‍റെ സമഗ്രാധിപത്യം. മൂന്ന് വാർഡിൽ സി.പി.എമ്മും വിജയിച്ചു. കീഴാറ്റൂർ ഗ്രാമ പഞ്ചായത്തും കൂടുതൽ സീറ്റ് നേടി നിലനിർത്താൻ യു.ഡി.എഫിനായി. ആകെയുള്ള 22 വാർഡുകളിൽ 19ലും വിജയിച്ചാണ് യു.ഡി.എഫ് കീഴാറ്റൂർ കീഴടക്കിയത്.
പാണ്ടിക്കാട് പഞ്ചായത്തിൽ വൻ ഭൂരിപക്ഷത്തിൽ തുടർച്ചയായി നാലാം തവണയും യു.ഡി.എഫ് അധികാരത്തിലെത്തി. ആകെയുള്ള 24 വാർഡുകളിൽ 18ലും വിജയിച്ചാണ് ഇത്തവണ അധികാരത്തിലേക്കെത്തുന്നത്. ബാക്കിയുള്ള ആറ് സീറ്റിൽ എൽ.ഡി.എഫ് വിജയിച്ചു. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 78,836 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.യു.എ. ലത്തീഫ് നേടിയിരുന്നു. 14,573 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എതിർസ്ഥാനാർഥിയായ ഡിബോണ നാസറിനെ കീഴടക്കിയത്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിൽ ഇല്ല. മഞ്ചേരി നഗരസഭയിൽ വീണ്ടും ബി.ജെ.പി ഒരു അക്കൗണ്ട് തുറന്നെങ്കിലും മറ്റുവാർഡുകളിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

