മോഷണ പരമ്പര; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി
text_fieldsപ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
മഞ്ചേരി: ജില്ലയിലും പുറത്തുമായി 25ഓളം മോഷണ കേസുകളിൽ പ്രതിയായ താനൂർ സ്വദേശിയായ മഞ്ചുനാഥിനെ (42) പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മേയിൽ മാസം മഞ്ചേരി 22ാം മൈലിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് എട്ടര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ജൂൺ 23നാണ് ഇയാൾ മഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ കേസിൽ റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്ന് മഞ്ചേരി ജസീല ജങ്ഷനിലെ പമ്പ സാനിറ്ററി ഷോപ്പ് കുത്തിപ്പൊളിച്ച് നാലുലക്ഷം രൂപ വില വരുന്ന ബ്രാസ് ഫിറ്റിംഗ്സുകളും മറ്റും മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കേസുകൾക്ക് തുമ്പായി.
കളവുമുതൽ സൂക്ഷിക്കാനായി പാണ്ടിക്കാട്ട് വാടകക്കെടുത്ത രണ്ട് ക്വാർട്ടേഴ്സിൽനിന്നും ഒരു ആക്രിക്കടയിൽനിന്നും കളവു മുതലുകൾ കണ്ടെടുത്തു. ഇത് കടത്താനുപയോഗിച്ച പുതിയ ആപ്പെ ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു. പകൽ ആക്രി സാധനങ്ങൾ എടുക്കാനെന്ന വ്യാജേന ഗുഡ്സ് ഓട്ടോയിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടും കടകളും കണ്ടുവെച്ച് പുലർച്ച മോഷണം നടത്തുകയായിരുന്നു ഇയാളുടെ രീതി. സഹായികളില്ലാതെ മോഷണം നടത്തുകയും മോഷണമുതൽ വിറ്റ് തമിഴ്നാട്ടിലേക്ക് കടക്കുകയും കേസിൽ ജയിലിലായാൽ ഭാര്യ കേസ് നടത്തി പുറത്തിറക്കുകയും ചെയ്തുവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരൂർ, മലപ്പുറം, തിരൂരങ്ങാടി, കൽപകഞ്ചേരി, കാടാമ്പുഴ, കോട്ടക്കൽ, വേങ്ങര, നല്ലളം, മഞ്ചേരി, തമിഴ്നാട്ടിലെ കോയമ്പത്തൂർ, പളനി തുടങ്ങിയ സ്റ്റേഷനുകളിലായി 25 കേസുകളിൽ പിടിയിലാകുകയും ജാമ്യത്തിലിറങ്ങി വീണ്ടും മോഷണ പരമ്പര നടത്തി ഒളിവിൽ കഴിയുകയുമായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്തു നടത്തിയ തെളിവെടുപ്പിൽ സ്വർണം ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളും കണ്ടെടുത്തു. മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്.ഐ മാരായ ആർ.പി. സുജിത്ത്, കെ. ബഷീർ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.സി.പി.ഒമാരായ അനീഷ് ചാക്കോ, സി. സവാദ്, സി.പി.ഒമാരായ തൗഫീഖ് മുബാറക്ക്, കെ.സി. തസ്ലീം, ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

