എന്ന് തീരും ഈ ദുരിതയാത്ര
text_fieldsമഞ്ചേരി നിലമ്പൂർ റോഡിൽ മാനു ആശുപത്രിക്ക് സമീപം റോഡ് തകർന്ന നിലയിൽ
മഞ്ചേരി: നിലമ്പൂർ റോഡിൽ നിരവധി കുഴികൾ രൂപപ്പെട്ടതോടെ ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെ യാത്രാദുരിതം. മേലാക്കത്തും മാനു ആശുപത്രിക്ക് സമീപത്തുമായി വലിയ കുഴികളാണുള്ളത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ റോഡ് കീറിയതോടെയാണ് റോഡ് തകർന്നത്. പിന്നീട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും മാറ്റമുണ്ടായില്ല. മാനു ആശുപത്രിക്ക് സമീപം പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ റോഡ് തകർന്നു കിടക്കുകയാണ്.
കഴിഞ്ഞ ദിവസം സെൻട്രൽ ജങ്ഷനോട് ചേർന്നും പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടു. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുഴികളിൽ ചാടി വാഹനങ്ങൾ പതുക്കെ കടന്നുപോകുന്നതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഓണമെത്തിയതോടെ തിരക്ക് രൂക്ഷമാണ്. ഇതിനിടയിലാണ് റോഡിന്റെ തകർച്ച വില്ലനാകുന്നത്. പൈപ്പ് മാറ്റൽ പൂർത്തിയാവാത്തതിനാൽ നിലവിൽ പഴയ ലൈനിലൂടെ തന്നെയാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതാണ് ഇടക്കിടക്ക് പൈപ്പ് പൊട്ടാൻ കാരണം.
കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റാനാണ് കിഫ്ബിയിൽ 16 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്. എന്നാൽ, വർഷം മൂന്ന് പിന്നിട്ടിട്ടും പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്ക് ലഭിച്ചിട്ടില്ല. ഇതോടെ കുടിവെള്ളം മുടങ്ങുന്നതും പതിവാണ്. പ്രധാന റോഡ് തകർന്നതോടെ നെല്ലിപ്പറമ്പിലെത്താൻ ചെറിയ റോഡുകളെയാണ് വാഹനങ്ങൾ ആശ്രയിക്കുന്നത്. ഈ റോഡുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. താൽക്കാലികമായെങ്കിലും കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബസുകൾ സർവിസ് നിർത്തിവെക്കാൻ നോട്ടീസ് നൽകും
മഞ്ചേരി: ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെ റോഡ് തകർന്ന് കിടക്കുന്നതിനാൽ ബസുകൾക്ക് സമയത്തിന് ഓടിയെത്താൻ കഴിയുന്നില്ലെന്നും അടിയന്തരമായി കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുഴികളിലിറങ്ങി കയറുന്ന ഓരോ ചെറുവാഹനങ്ങളുടെയും പിന്നിൽ വരുന്ന ബസുകൾക്ക് സമയത്തിന് പോകാൻ കഴിയാതെ ട്രിപ് ഒഴിവാക്കേണ്ടി വരുകയും സമയനഷ്ടം നികത്താൻ ബസുകൾ അമിത വേഗത്തിൽ പോകേണ്ടിവരുകയും ചെയ്യുന്ന സാഹചര്യമാണ്. ഇത് അപകട സാധ്യത ഉണ്ടാക്കും.
റോഡ് ഉടൻ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ഈ റൂട്ടിൽ ബസുകൾ നിർത്തിവെച്ച് സമരം നടത്തുന്നതിന് നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു. ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ, ജനറൽ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, വൈസ് പ്രസിഡന്റ് വാക്കിയത്ത് കോയ, എം. ദിനേശ് കുമാർ, കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, വി.പി. ശിവാകരൻ, കെ.എം.എച്ച് അലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

