തട്ടിക്കൊണ്ടുപോകലിനിരയായ യുവാവ് സ്റ്റേഷനിൽ ഹാജരായി
text_fieldsമഞ്ചേരി: പട്ടർകുളത്ത് നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയ കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടിൽ റാഷിദ് (27) മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. തട്ടിക്കൊണ്ടുപോയവർ തന്നെ മഞ്ചേരിയിലെത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
വള്ളുവമ്പ്രം സ്വദേശിയുടെ വാഹനത്തിലാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടിൽ പരിശോധന നടത്തി. ദുൈബയിൽ നിന്നെത്തിയ റാഷിദ് സ്വർണം കടത്തിയിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായാണ് കരിപ്പൂരിൽ വിമാനമിറങ്ങിയിട്ടും നാട്ടിൽ പോകാതെ നിന്നതെന്നാണ് സൂചന. കരിപ്പൂർ സ്വർണക്കടത്തുകേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണ്. കഴിഞ്ഞ 20ന് പുലർച്ച അഞ്ചിനാണ് റാഷിദ് കരിപ്പൂരിൽ വിമാനമിറങ്ങിയത്.
പിന്നീട് ഒരു സംഘത്തിനൊപ്പം വയനാട്ടിലെ റിസോർട്ടിലെത്തി താമസിച്ചു. ഈ സമയം മറ്റൊരു സംഘം വീട്ടിലെത്തി ഭാര്യയുടെ ഫോൺ കൈക്കലാക്കി റാഷിദ് നാട്ടിലെത്തുന്ന വിവരങ്ങൾ ശേഖരിച്ചു. റാഷിദിെൻറ വയനാട്ടിൽ ജോലി ചെയ്യുന്ന സഹോദരനെ ഉപയോഗിച്ചും ഇവർ വിവരങ്ങൾ മനസ്സിലാക്കി.
കരിപ്പൂരിൽ നിന്ന് റാഷിദിനെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഘം തന്നെയാണ് ചൊവ്വാഴ്ച കോഴിക്കോട് അരയിടത്തുപാലത്ത് കൊണ്ടുവിട്ടത്. ഇവരാണ് കാളികാവിലേക്ക് ടാക്സി വിളിച്ചുകൊടുത്തത്. നാട്ടിലേക്ക് പുറപ്പെട്ട റാഷിദ് ബന്ധുക്കളോട് മഞ്ചേരിയിലേക്ക് വാഹനവുമായെത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ റാഷിദിെൻറ സഹോദരനെ കൂട്ടുപിടിച്ച സംഘം പിന്തുടർന്നെത്തി പട്ടർകുളത്തുനിന്ന് വാഹനത്തിലിടിപ്പിക്കുകയായിരുന്നു.
ബന്ധുക്കൾ സ്ഥലത്തെത്തി ലഗേജുകളും മറ്റും അവരുടെ വാഹനത്തിലേക്ക് കയറ്റിയ ശേഷമാണ് റാഷിദിനെ തട്ടിക്കൊണ്ടുപോയത്. റാഷിദിെൻറ ബന്ധുക്കളെത്തുന്നത് വരെ സംഘം കാത്തിരുന്നതും സാധനങ്ങൾ കയറ്റാൻ സമയം നൽകിയതും ദുരൂഹത വർധിപ്പിക്കുന്നു. റാഷിദിനെയും സഹോദരനെയും കാറിൽ കയറ്റിയ സംഘം കോഴിക്കോട് നഗരത്തിലൂടെ ചുറ്റിക്കറങ്ങി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടിവാരത്തെത്തി ഭക്ഷണം കഴിച്ച ശേഷം പിറ്റേന്ന് മഞ്ചേരിയിൽ ഇറക്കിവിടുകയായിരുന്നു. റാഷിദിെൻറ ഭാര്യാപിതാവടക്കമുള്ളവരെ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ വിട്ടയച്ചു. പിതാവ് കരിപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

