എം.ഡി.എം.എ കേസിൽ പ്രതിക്ക് പത്തരവർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും
text_fieldsമഞ്ചേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽ പ്രതിക്ക് പത്തരവർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. ചാപ്പനങ്ങാടി കുറുപ്പുംപടി നൊണ്ടത്ത് അബ്ദുൽ സലാമിനെയാണ് (35) മഞ്ചേരി എൻ.ഡി.പി.എസ് കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പതുമാസം അധിക തടവ് അനുഭവിക്കണം. 2022 ഏപ്രിൽ എട്ടിന് രാത്രി 9.45നാണ് കേസിനാസ്പദമായ സംഭവം.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടക്കൽ പുത്തൂർ ബൈപാസ് ജങ്ഷന് സമീപത്തുനിന്ന് 23.68 ഗ്രാം എം.ഡി.എം.എയുമായാണ് പ്രതി പിടിയിലായത്. കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ പ്രിയനാണ് കേസന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.കെ. ഷാജി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അബ്ദുൽ സത്താര്‍ തലാപ്പിൽ, പി. സുരേഷ് എന്നിവർ ഹാജരായി.

