തെരുവുനായ് ആക്രമണം; 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsജില്ല നിയമസേവന അതോറിറ്റി കോൺഫറൻസ് ഹാളിൽ നടന്ന സ്ട്രേ ഡോഗ് വിക്ടിം
കോമ്പൻസേഷൻ റെക്കമെന്‍റേഷൻ കമ്മിറ്റി സിറ്റിങ്ങിൽ നിന്ന്
മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനും, ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടർ, ജില്ല മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്‍റേഷൻ കമ്മിറ്റിയുടെ (എസ്.ഡി.വി.സി.ആർ.സി) ജില്ലയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് ഉത്തരവ്. പരിഗണിച്ച 19 പരാതികളിൽ 11 എണ്ണത്തിലാണ് നഷ്ടപരിഹാരത്തിന് സർക്കാരിലേക്ക് ശിപാർശ ചെയ്തത്.
ജില്ല നിയമസേവന അതോറിറ്റി, മഞ്ചേരിയിലെ കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ല മെഡിക്കൽ ഓഫീസർ ഡോ.ടി. കെ. ജയന്തി, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ല ജോയിന്‍റ് ഡയരക്ടർ വി.കെ.മുരളി, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.സക്കറിയ്യ എന്നിവർ പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ജില്ലയിൽ തെരുവുനായ് ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയായിരിക്കും.
നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തിന് മഞ്ചേരിയിലെ ജില്ല നിയമസേവന അതോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ പൊതുജനങ്ങൾക്ക് ഹരജി നൽകാവുന്നതാണ്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികൾ ജില്ല നിയമസേവന അതോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജില്ല നിയമസേവന അതോറിറ്റിയെ ബന്ധപ്പെടാവുന്നനമ്പർ - 9188127501.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

