ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയും
text_fieldsമഞ്ചേരി: നാല് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 63കാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ആറ് വര്‍ഷവും ഒരു മാസവും കഠിന തടവ് അനുഭവിക്കാനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വേങ്ങര ഊരകം പുല്ലന്ചാലില് പുത്തന്‍പീടിക പനക്കല്‍ പ്രഭാകരനെയാണ് (63) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2023 ആഗസ്റ്റ് ഒന്നിനും അതിനു മുമ്പ് പലതവണയും കുട്ടിക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. പോക്സോ ആക്ട് പ്രകാരം അഞ്ചുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും, മാനഹാനി വരുത്തിയതിന് ഒരു വര്‍ഷത്തെ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒരു മാസത്തെ കഠിനതടവും ശിക്ഷയുണ്ട്.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. മലപ്പുറം വനിത പൊലീസ് സ്റ്റേഷന് എ.എസ്.ഐ എന്‍. നിഷ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ ടി.എം സജിനി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. എന്‍. മനോജ് 13 സാക്ഷികളെ വിസ്തരിച്ചു.

