മലിനജലം റോഡിലേക്ക് തന്നെ: പ്രതിഷേധവുമായി കൗൺസിലർമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ
text_fieldsനഗരസഭ അധ്യക്ഷ വി.എം. സുബൈദയുടെ നേതൃത്വത്തിൽ കൗൺസിലർമാർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി
സൂപ്രണ്ടുമായി സംസാരിക്കുന്നു
മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മലിനജലം ഒഴുകുന്നത് തുടർന്നതോടെ നഗരസഭ കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രതിഷേധമറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11.45ന് അധ്യക്ഷ വി.എം. സുബൈദയുടെ നേതൃത്വത്തിലാണ് എല്ലാ കൗൺസിലർമാരും ആശുപത്രിയിലെത്തിയത്. രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ആശുപത്രിയിൽനിന്ന് മലിനജലം പുറത്തേക്കൊഴുകുന്നത് ചർച്ചയായി. പൊതുറോഡിലേക്ക് വെള്ളം ഒഴുകുന്നത് തടയണമെന്ന് ചെയർപേഴ്സൻ ആവശ്യപ്പെട്ടു.
ആശുപത്രിയിൽനിന്ന് വെള്ളം പൊതുഓടയിലേക്ക് ഒഴുകുന്നത് തടഞ്ഞതായി അധികൃതർ വ്യക്തമാക്കിയതിന് ശേഷവും റോഡിലേക്ക് മലിനജലമെത്തി. ആശുപത്രിയിലെത്തി പ്രതിഷേധം അറിയിക്കാനും നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കൗൺസിൽ നടപടികൾ അവസാനിച്ചതോടെയാണ് കൗൺസിലർമാർ കൂട്ടത്തോടെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലെത്തിയത്. പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയിലാണ് ആശുപത്രിയിൽനിന്ന് റോഡിലേക്ക് മലിനജലം ഒഴിക്കിവിടുന്നതെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും സൂപ്രണ്ടിനോട് പറഞ്ഞു. ആശുപത്രിയിൽനിന്ന് മലിനജലം പുറത്തുപോകാതിരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. ഷീന ലാൽ പറഞ്ഞു. മലിനജലത്തിന്റെ ഒഴുക്ക് തടയാൻ ആശുപത്രി അധികൃതർ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതിനുവേണ്ട പിന്തുണ നഗരസഭയും ഉറപ്പുനൽകി. ആശുപത്രിയിൽനിന്ന് വെള്ളം പുറത്തുപോകുന്ന ഭാഗവും മലപ്പുറം റോഡിൽ മലിനജലം കെട്ടിനിൽക്കുന്ന ഇടവും കൗൺസിലർമാർ പരിശോധിച്ചു.
ആശുപത്രിയിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ മലിനജലം സംസ്കരിക്കാനുള്ള സംവിധാനം പൂർണമായും സജ്ജമാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനാ ലാൽ, ആർ.എം.ഒമാരായ ഡോ. ജലീൽ വല്ലാഞ്ചിറ, ഡോ. സഹീർ നെല്ലിപറമ്പൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ്, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, ഹുസൈൻ മേച്ചേരി, അഡ്വ. പ്രേമാ രാജീവ്, അഷ്റഫ് കാക്കേങ്ങൽ, എൻ.കെ. ഉമ്മർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

