മഞ്ചേരിയിലെ റോഡ് അറ്റകുറ്റപ്പണി ക്രമക്കേടെന്ന് വിജിലൻസ്
text_fieldsമഞ്ചേരി: നഗരത്തിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാൻ കീറിയ റോഡ് അറ്റകുറ്റപ്പണി നടത്തിയതിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് റിപ്പോർട്ട്. റോഡിന്റെ ഒന്നാംഘട്ട ടാറിങ് നടത്തി ആറുമാസത്തിനുശേഷമാണ് രണ്ടാംഘട്ട ടാറിങ് നടത്തിയത്.
ഈ കാലതാമസം റോഡിന്റെ തകർച്ചക്ക് ഇടയാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെരണി സബ് സ്റ്റേഷൻ റോഡ്, കോഴിക്കോട് റോഡ്, മഞ്ചേരി-മലപ്പുറം റോഡ് എന്നിവിടങ്ങളിലാണ് ജല അതോറിറ്റി റോഡ് മുറിച്ച് പൈപ്പ് സ്ഥാപിച്ചത്. മൂന്നുവർഷം മുമ്പ് ആരംഭിച്ച പ്രവൃത്തി ഇതുവരെ പൂർത്തിയായിട്ടുമില്ല. റോഡ് കീറിയതിനുശേഷം അറ്റകുറ്റപ്പണി നടത്താനും വൈകിയിരുന്നു. പ്രവൃത്തിയിൽ പൊതുമരാമത്ത് വകുപ്പ് മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച വരുത്തിയതായും വിജിലൻസ് കണ്ടെത്തി.
അഞ്ചുകിലോ മീറ്റര്‍ ദൂരം റോഡ് നിര്‍മാണത്തിലെ അപാതകയാണ് തെളിഞ്ഞത്. വാട്ടർ അതോറിറ്റി - പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും പദ്ധതിയെ ബാധിച്ചു. തുടർനടപടിക്ക് വിജിലൻസ് ഡയറക്ടർക്ക് ശിപാർശ ചെയ്യുമെന്ന് വിജിലൻസ് ഇൻസ്പെക്ടർ പറഞ്ഞു. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ, മങ്കട ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലീജിയ രാജു, വിജിലൻസ് എസ്.ഐ സജി, എ.എസ്.ഐ ഹനീഫ, എം.കെ. ധനേഷ്, അഭിജിത്ത് ദാമോദർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച നഗരത്തിലെ പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയായതോടെയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയത്.