കാനഡയിൽനിന്ന് പാസ് ചെയ്തു; ‘ട്രയോണ്ട’ പന്തെത്തി
text_fieldsഈ വർഷത്തെ ഫിഫ ഫുട്ബാൾ ലോകകപ്പിന് ഉപയോഗിക്കുന്ന പന്ത് ‘ട്രയോണ്ട’യുമായി മുഹമ്മദ് സലീം
മഞ്ചേരി: 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ഓദ്യോഗിക പന്ത് മഞ്ചേരിയുടെ മണ്ണിലെത്തി. ഫുട്ബാൾ ആരാധകർക്ക് വിസ്മയം ഒരുക്കാൻ ‘ട്രയോണ്ട’ മഞ്ചേരി ഫിഫ സ്പോർട്സിലാണ് ആദ്യമായി എത്തിയത്. ഏകദേശം 15,000 രൂപയാണ് പന്തിന്റെ വില.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് ആതിഥേയർ. മത്സരത്തിന് വേദിയാകുന്ന മൂന്ന് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ട്രയോണ്ടയുടെ നിർമാണം. കാനഡയെ പ്രതിനിധീകരിച്ച് മേപ്പിൽ ഇലകളും മെക്സികോയെ പ്രതിനിധീകരിച്ച് കഴുകനും യു.എസ്.എയെ പ്രതിനിധീകരിച്ച് നക്ഷത്രങ്ങളും പന്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ, ഫിഫ വേൾഡ് കപ്പ് ട്രോഫിക്ക് ആദരമായി സ്വർണനിറത്തിലുള്ള അലങ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പാനിഷ് ഭാഷയിൽ മൂന്ന് തരംഗങ്ങൾ എന്നാണ് ‘ട്രയോണ്ട’ എന്ന വാക്കിനർഥം. നീല, ചുവപ്പ്, പച്ച, നിറങ്ങളാണ് പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തിന്റെ നിർമാണം. പറക്കലിലെ സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ആഴത്തിലുള്ള സീമുകള്‍, ഉപരിതലത്തിലെ എംബോസ് ചെയ്ത ഐക്കണുകള്‍, കൂടാതെ ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ പോലും മെച്ചപ്പെട്ട ഗ്രിപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു. ‘കണക്റ്റഡ് ബോൾ’ സാങ്കേതികവിദ്യ, 500 ഹെഡ്സുള്ള സെൻസറുകൾ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. ഇത് പന്തിന്റെ ചലനം കൃത്യമായി ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. ഇത്തവണയും അഡിഡാസാണ് പന്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാനഡയിലെ കുടുംബ സുഹൃത്ത് വഴിയാണ് പന്ത് കൊണ്ടുവന്നതെന്ന് ഫിഫ സ്പോർട്സ് എം.ഡി. മുഹമ്മദ് സലീം പറഞ്ഞു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിന് ഉപയോഗിച്ച് ഔദ്യോഗിക പന്ത് ‘അൽരിഹ്ല’ ആദ്യമായി എത്തിച്ചതും ഇദ്ദേഹമായിരുന്നു. ലോകകപ്പിന് ആവേശത്തിന് നിറം പകരാനും ട്രയോണ്ടയെ ഒരു നോക്ക് കാണാനും നിരവധി പേരാണ് ഷോപ്പിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

