ബജറ്റിൽ അവഗണന; അഗ്നിരക്ഷാ സേനക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഇനിയും കാത്തിരിക്കണം
text_fieldsമഞ്ചേരി: സംസ്ഥാന ബജറ്റിൽ അവഗണന നേരിട്ടതോടെ മഞ്ചേരി അഗ്നിരക്ഷാ സേനക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മഞ്ചേരി കരുവമ്പ്രത്ത് ഒരുക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിർമാണ പ്രവൃത്തി പൂർത്തിയായെങ്കിലും രണ്ടാംഘട്ട വികസനം സാധ്യമാക്കാൻ ഫണ്ടിനായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷയർപ്പിച്ചെങ്കിലും 100 രൂപ ടോക്കൺ മാത്രമാണ് ലഭിച്ചത്. രണ്ടാം നില കെട്ടിട നിർമാണവും ചുറ്റുമതിൽ നിർമാണത്തിനുമായി 2.60 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഏഴ് മാസം മുമ്പ് ഒന്നാംഘട്ട നിർമാണം പൂർത്തിയായ കെട്ടിടം കാടുമൂടി കിടക്കുകയാണ്. 2.75 കോടി രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട നിർമാണം നടത്തിയത്. ഇനി കിണർ, ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള സംഭരണി, ചുറ്റുമതിൽ, സെപ്റ്റിക് ടാക് എന്നിവയുടെ നിർമാണത്തിനായി ഫണ്ട് ലഭ്യമാകണം. രണ്ടാംഘട്ട നിർമാണം പൂർത്തിയായെങ്കിലെ കച്ചേരിപ്പടിയിൽനിന്ന് അഗ്നിരക്ഷാ സേനക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാനാകൂ. രണ്ടാം നിലയുടെ നിർമാണം നടന്നില്ലെങ്കിലും നിലവിൽ നിർമാണം അവസാന ഘട്ടത്തിലെത്തിയ കെട്ടിടത്തിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയാൽ അതിലേക്ക് മാറാം.
സ്ഥിരമായി വെള്ളം ലഭ്യമാക്കാൻ കിണർ നിർമിക്കുകയൊ മറ്റു സംവിധാനം ഒരുക്കുകയൊ വേണം. രണ്ടാംഘട്ട നിർമാണത്തിന് രണ്ട് തവണ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും അനുമതി ലഭ്യമായിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഫയർ സർവിസിന്റെ ജീപ്പുകൾക്ക് നിർത്തുന്നതിനുള്ള ഗ്യാരേജ്, ഹെവി വാഹനങ്ങൾ നിർത്തുന്നതിനുള്ള ഗ്യാരേജ്, മെക്കാനിക്കൽ റൂം, ഇലക്ട്രിക്കൽ റൂം, ഇന്ധന - ദ്രാവകങ്ങൾ സൂക്ഷിക്കുന്നതിനുള്ള റൂം, വാച്ച്മാൻ റൂം, ഇലക്ട്രിക്കൽ ഡി.ബി റൂം, പ്രവേശന ഭാഗം എന്നിവയും ഒന്നാം നിലയിൽ ഓഫിസും, സ്റ്റെയർ റൂം ലോബി, പാസ്സേജ് ഇലക്ട്രിക്കൽ ഡി.ബി റൂം, ഡിസ്പ്ലേ റൂം, വൈദ്യ പരിശോധന റൂം, റെക്കോർഡ് റൂം, ശുചിമുറികൾ, സ്റ്റേഷനറി റൂം, സ്റ്റേഷൻ മാസ്റ്റർ കാര്യാലയം, അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ കാര്യാലയം, കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങൾ, ഗസ്റ്റ് റൂം, ഡോർമെറ്ററി, കിച്ചൺ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. മുൻവശത്ത് നാല് നിലയും പിന്നിൽ മൂന്ന് നിലയിലുമായി പണികഴിപ്പിക്കുന്ന രീതിയിലായിരുന്നു കെട്ടിടത്തിന്റെ രൂപകൽപന. 2016 മുതൽ നഗരസഭയുടെ കച്ചേരിപ്പടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് അഗ്നിരക്ഷാ സേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

