മഞ്ചേരിയുടെ എഴുത്തുകാരൻ 70െൻറ നിറവിൽ
text_fieldsമഞ്ചേരി: 70ാം പിറന്നാളിെൻറ നിറവിൽ മഞ്ചേരിയുടെ എഴുത്തുകാരൻ പി.എൻ. വിജയൻ. സപ്തതിയുടെ ഭാഗമായി മൂന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. 'മറ്റൊരിടത്ത് വീണ്ടും' കഥാസമാഹാരവും ഭഗവത്ഗീതയുടെ മലയാള പരിഭാഷയുടെ മൂന്നാം പതിപ്പും പുറത്തിറക്കി. 'അക്ഷരമാല' ബാലസാഹിത്യ കൃതിയാണ് പുറത്തിറങ്ങാനുള്ളത്. പിറന്നാളിനോടനുബന്ധിച്ച് കരിക്കാട് അക്ഷരശ്ലോക സമിതി ശ്ലോകസദസ്സും ഒരുക്കി.
1973ലാണ് പി.എൻ. വിജയൻ എഴുത്തിലേക്ക് കടക്കുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും കഥകളിലൂടെ ശ്രദ്ധ നേടി. മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് പഞ്ചായത്തിലെ കരിക്കാട്ടുകാരനായ വിജയൻ സ്വന്തം ഗ്രാമത്തിെൻറ പശ്ചാത്തലം പത്തിലേറെ കഥകളിലൂടെ വായനക്കാരിൽ എത്തിച്ചു. ഉപനയനം, അപ്പു എന്ന നരേന്ദ്രൻ മാഷ്, കോണിച്ചുവട്ടിൽ, ഓപ്പോളെ കണ്ടുമടങ്ങുമ്പോൾ, ഇതിഹാസങ്ങളിൽനിന്ന് ഊർന്നു വീണത്, കുങ്കുമമഴ തുടങ്ങിയവ ഇതിൽ ചിലതാണ്. തർപ്പണം, ഇനി മടങ്ങാം, അനാഥം എന്നിവ നോവലുകളാണ്. 'പന്ത് ഉരുളുകയാണ്' നോവലിലൂടെ മഞ്ചേരിക്കാരുടെ പന്തുകളിയുടെ പശ്ചാത്തലം മലയാളത്തിന് പരിചയപ്പെടുത്തി.
പതിനഞ്ചിലേറെ കൃതികളും മൊഴിമാറ്റ കൃതികളും സംഭാവന ചെയ്ത ഇദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തി. കഥാരംഗം അവാർഡ്, മദിരാശി കേരളസമാജം കവിത അവാർഡ്, കോയമ്പത്തൂർ മലയാളി സമാജം കെ.സി.സി പുരസ്കാരം, നോവലിനുള്ള ചന്ദ്രിക അവാർഡ് എന്നിവ ലഭിച്ചു. നൂറിലേറെ കവിതകളും ആയിരത്തിലേറെ ശ്ലോകങ്ങളും എഴുതിയിട്ടുണ്ട്. കഥകളുടെ കന്നഡ, ഹിന്ദി, തമിഴ് പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. നൊബേൽ ജേതാവായ ആലീസ് മൺറോയുടെ 'ഡാൻസ് ഓഫ് ദ ഹാപ്പി ഷേഡ്' പുസ്തകം വിവർത്തനം ചെയ്തു. 2011ൽ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടി. റെയിൽവേ സേവനത്തിൽനിന്ന് വിരമിച്ച പി.എൻ. വിജയൻ ഭഗവത്ഗീത മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തർജമ ചെയ്തും ശ്രദ്ധനേടി. സതീദേവിയാണ് ഭാര്യ. സുനിത, വിനിത എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

