ചോർന്നൊലിച്ച് മഞ്ചേരി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം
text_fieldsമഞ്ചേരി: ശക്തമായ മഴയിൽ ചോർന്നൊലിച്ച് മഞ്ചേരി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം. അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ ഒബ്സർവേഷൻ റൂം ഉൾപ്പെടെയാണ് ചോരുന്നത്. വെള്ളം നിലത്ത് വീഴാതിരിക്കാൻ ബക്കറ്റ് വെച്ചിരിക്കുകയാണ് ജീവനക്കാർ. രോഗികൾ വഴുതി വീഴാതിരിക്കാൻ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ ആശുപത്രിക്കകത്തെ ഫാർമസിക്ക് സമീപവുമെല്ലാം ചേർന്ന് ഒലിക്കുന്നുണ്ട്. മുറിവ് കെട്ടുന്ന മുറിയിലും സമാനമാണ് അവസ്ഥ. ഇവിടെയും സീലിങ്ങിൽനിന്ന് വെള്ളം താഴോട്ട് ഊർന്നിറങ്ങുന്നു. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. മൂന്ന് വർഷം മുമ്പാണ് അത്യാഹിത വിഭാഗം നവീകരിച്ചത്. നിർമാണത്തിലെ അപാകതയാണ് ചോർച്ചക്ക് കാരണമെന്നാണ് പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.
അത്യാഹിത വിഭാഗത്തിലെ സൗകര്യക്കുറവ് രോഗികളെ ചികിത്സിക്കുന്നതിലടക്കം ബാധിച്ചിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗം നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. രോഗികളെ മാറ്റിയും മാസങ്ങൾ അടച്ചിട്ടുമാണ് പ്രവൃത്തി നടത്തിയത്. ചോർച്ച പൂർണമായും പരിഹരിച്ചില്ലെങ്കിൽ ചോർച്ച കൂടുകയും അത് കെട്ടിടത്തെ തന്നെ ബാധിക്കുമെന്ന് ആശങ്കയിലാണ് ആശുപത്രിയിലെത്തുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

