മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയില്‍
text_fieldsറിഷാദ് മൊയ്തീൻ
മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) കണ്ണൂർ പഴയങ്ങാടിയിൽനിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്സിന് നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്.
സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്സിന് വീട്ടമ്മക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്കി അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റിഷാദിനെ പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് പഴയങ്ങാടിയിൽ താമസസ്ഥലം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി സി.ഐ റിയാസ് ചാക്കീരി, എസ്.ഐ ആർ.പി. സുജിത്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, കെ.കെ. ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.