വീടിന് തീപിടിച്ചു; മധ്യവയസ്കനെ രക്ഷപ്പെടുത്തി
text_fieldsമട്ടാഞ്ചേരി: തീപിടിച്ച വീട്ടിൽനിന്നും മധ്യ വയസ്കനെ അഗ്നി രക്ഷസേന രക്ഷപ്പെടുത്തി. ഫോർട്ട്കൊച്ചി പട്ടാളത്ത് താമസിക്കുന്ന അലനെയാണ് (51) പുറത്തെത്തിച്ചത്. മാനസിക അസ്വസ്ഥതയെ തുടർന്ന് വീടിനുള്ളിൽ അലൻ കെട്ടിയിട്ട നിലയിൽ കഴിയുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ മട്ടാഞ്ചേരി അഗ്നി രക്ഷ സേന ഉദ്യോഗസ്ഥർ പറഞ്ഞു. അവിവാഹിതനായ അലനുമായി ബന്ധുക്കൾക്ക് അടുപ്പമില്ല. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്. വീട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് വിവരം അഗ്നി രക്ഷസേനയെ അറിയിച്ചത്. ഫോർട്ട്കൊച്ചിയിൽ നിന്നും പൊലിസും സ്ഥലത്തെത്തിയിരുന്നു. മാനസിക പ്രശ്നങ്ങളുള്ളതിനാൽ ഓടി പോകാതിരിക്കാനാണ് കെട്ടിയിട്ടതെന്നാണ് പറയുന്നത്.
ശരീരത്തിൽ ചെറിയ രീതിയിൽ പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മട്ടാഞ്ചേരി അഗ്നി രക്ഷ സേന അസി. സ്റ്റേഷൻ ഓഫിസർമാരായ മനോജ് എസ്. നായിക്ക്, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ ഗിരീഷ് കുമാർ, വിബിൻ, അൻസാദ്, ലിജോ, പ്രശാന്ത്, ഹോംഗാർഡ്മാരായ ബിജു, ഹനീഫ, ഡ്രൈവർ എബിൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.

