മയക്കുമരുന്ന് കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
text_fieldsമുഹമ്മദ് ഷാഫി
മഞ്ചേരി: എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ പ്രതിക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കൽ മുഹമ്മദ് ഷാഫിയെയാണ് (23) മഞ്ചേരി എൻ.ഡി.പി.എസ് കോടതി ജഡ്ജി എൻ.പി. ജയരാജ് ശിക്ഷിച്ചത്. 2021 നവംബർ 12ന് വൈകീട്ട് ആറിന് പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ പാതാക്കര പി.ടി.എം ഗവ. കോളജിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.
പ്രതിയിൽനിന്ന് 52.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. പെരിന്തൽമണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനിൽ പുളിക്കലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റഡിയിലിരിക്കെ തന്നെയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുൽ സത്താര്‍ തലാപ്പില്‍ ഹാജരായി. മഞ്ചേരി പ്രോസിക്യൂഷൻ വിങ്ങിലെ എ.എസ്.ഐ സുരേഷ്ബാബു പ്രോസിക്യൂഷനെ സഹായിച്ചു.