കോവിഡ് കെയർ സെൻററിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsമഞ്ചേരി: മഞ്ചേരിയിലെ കോവിഡ് കെയർ സെൻററിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ സബ് ജയിലിൽ നിന്നെത്തിച്ച തമിഴ്നാട് ഇടയകുളം അരിയല്ലൂര്‍ സ്വദേശി സതീഷാണ് (35) കഴുത്തില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
കോവിഡ് പോസിറ്റിവായ തടവുകാരെ മഞ്ചേരി കോഴിക്കോട് റോഡിലെ സ്വകാര്യ കെട്ടിടത്തിലാണ് താമസിപ്പിക്കുന്നത്. മൂന്ന് പേർ ഉണ്ടായിരുന്ന മുറിയിൽ ഇയാൾ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
സഹതടവുകാർ ബഹളം വെച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വാതിൽ പൊളിച്ച് അകത്ത് കയറി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂർ പൊലീസ് ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സതീഷ്. കൂട്ടുപ്രതിയായ ഭാര്യ പാലക്കാട് ജില്ല ജയിലിലാണ്. പാലക്കാട് ജയിലിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടെയാണ് കോവിഡ് ബാധിതനായ ഇയാളെ മഞ്ചേരിയിലെ സെൻററിലേക്ക് എത്തിച്ചത്.

