വൈസ് പ്രസിഡന്റ് പദവി നൽകിയില്ല; ആനക്കയത്ത് അതൃപ്തി പരസ്യമാക്കി കോൺഗ്രസ്
text_fieldsമഞ്ചേരി: ആനക്കയം ഗ്രാമപഞ്ചായത്തിൽ കരുത്തുകാട്ടി യു.ഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും വൈസ് പ്രസിഡന്റ് പദവി കോൺഗ്രസിന് നൽകാത്തതിനാൽ അതൃപ്തി പരസ്യമാക്കി നേതൃത്വം. യു.ഡി.എഫ് ചെയർമാൻ മുജീബ് ആനക്കയം സ്ഥാനം രാജിവെച്ചു. ലീഗിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.
കഴിഞ്ഞ തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് ലഭിച്ചിരുന്നു. ഇത്തവണ സീറ്റുകളുടെ എണ്ണം കൂടിയതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. 24 പഞ്ചായത്തിൽ യു.ഡി.എഫിന് 21 സീറ്റാണുള്ളത്.
ഇതിൽ മുസ്ലിം ലീഗിന് 16, കോൺഗ്രസിന് മൂന്ന്, രണ്ട് യു.ഡി.എഫ് സ്വതന്ത്രർ എന്നിങ്ങനെയാണ്. നിലവിലെ ധാരണപ്രകാരം കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവുമാണ് ഉണ്ടായിരുന്നത്. സീറ്റ് വിഭജന ചർച്ചകൾ നടന്ന സമയത്തും മുസ്ലിം ലീഗ് നേതാക്കൾ ഈ സ്ഥാനങ്ങൾ ഉറപ്പു നൽകിയതായിരുന്നു.
കോൺഗ്രസിന് അനുവദിച്ച അഞ്ച് സീറ്റിൽ ഒരു സീറ്റിൽ പരാജയ പ്പെടുകയും മൂന്ന് സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തിരുന്നു. എസ്.സി സംവരണ സീറ്റായ അമ്പലവട്ടത്തിൽ യു.ഡി.എഫ് സ്വതന്ത്രനെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു.
അമ്പലവട്ടം വാർഡിലെ കോൺഗ്രസിലെ മെംബർ ആയിരുന്ന അനിതാ മണികണ്ഠൻ ആയിരുന്നു കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ്. പുള്ളിയിലങ്ങാടി വാർഡിൽനിന്ന് വിജയിച്ചിരുന്ന ഫെബ്ന ഹാഷിദ് സ്ഥിരംസമിതി കമ്മിറ്റി അധ്യക്ഷയുമായിരുന്നു. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് 11, കോൺഗ്രസിന് നാല്, എൽ.ഡി.എഫിന് എട്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വെറും മൂന്ന് സീറ്റിൽ ഒതുക്കാനായത് കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും ഒത്തൊരുമിച്ചുള്ള കൂട്ടായ പ്രവർത്തനം കൊണ്ടായിരുന്നു. എന്നാൽ, വിജയത്തിന്റെ നിറം കെടുത്തുന്നതാണ് ലീഗ് നടപടിയെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കുകയും ചെയ്തു.
എന്നാൽ, വിജയിച്ച കോൺഗ്രസ് അംഗങ്ങൾ സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനും മുസ്ലിം ലീഗിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾക്ക് വോട്ട് നൽകാനും ആനക്കയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ടി. അബ്ബാസ് വിപ്പ് നൽകിയിരുന്നു. ഇതോടെ യു.ഡി.എഫിന്റെ മുഴുവൻ വോട്ടും സ്ഥാനാർഥികൾക്ക് ലഭിച്ചു.
മുസ്ലിം ലീഗ് ചെയ്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ടി. അബ്ബാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഇസ്ഹാഖ്, രാജിവെച്ച യു.ഡി.എഫ് ചെയർമാൻ മുജീബ് ആനക്കയം, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. സലീം ഹാജി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മനോജ് അധികാരത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. ഇസ്ഹാഖ് ഹാജി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

