ഉദ്ഘാടനത്തിനൊരുങ്ങി മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐ.സി.യു
text_fieldsമഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കുരുന്നുകൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നവീകരിച്ച ഐ.സി.യു ഉദ്ഘാടനത്തിനൊരുങ്ങി. വായുജന്യരോഗങ്ങൾ തടയാൻ സാധിക്കുന്ന നെഗറ്റിവ് പ്രഷർ സംവിധാനത്തോടെയാണ് പുതിയ ഐ.സി.യു സജ്ജമാക്കിയത്. നിർമാണ പ്രവർത്തനങ്ങൾ പൂർണമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് സൗകര്യങ്ങൾ ഒരുക്കിയതെങ്കിലും പ്രവൃത്തി വൈകുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒരുകോടി രൂപ ചെലവഴിച്ച് എൻ.എച്ച്.എം നേരിട്ടാണ് പ്രവൃത്തി നടത്തിയത്. ബി ബ്ലോക്കിലെ നാലാം വാര്‍ഡും ഇതിനോട് ചേർന്ന രണ്ടു മുറികളിലുമായാണ് ഐ.സി.യു ഒരുക്കിയത്.
ഐ.സി.യുവിലേക്കാവശ്യമായ കിടക്കകൾ, മൾട്ടിപാര മോണിറ്റർ, എക്സ് റേ വ്യൂ പോയൻറ്, ബെഡ് സൈഡ് ടേബ്ൾ, പോർട്ടബ്ൾ ഇ.ഇ.ജി, പോർട്ടബ്ൾ അൾട്രാ സൗണ്ട്, നെബുലൈസർ, ഇൻകുബേറ്റർ തുടങ്ങിയ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മുഖേന ആശുപത്രിയിലെത്തിച്ചു.
പീഡിയാട്രിക് ഐ.സി.യുവിൽ ആറ്, എച്ച്.ഡി.യു (ഹൈ ഡിപ്പൻഡൻസി യൂനിറ്റ്) -ആറ്, വാർഡിൽ 25ഉം കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഐ.സി.യുവിൽനിന്ന് മാറ്റുകയും എന്നാൽ, വാർഡിലേക്ക് മാറ്റാൻ സാധിക്കാത്തതുമായ കുട്ടികളെയാണ് എച്ച്.ഡി.യുവിൽ പ്രവേശിപ്പിക്കുക. ഏകീകൃത ഓക്സിജൻ സംവിധാനവും ഉണ്ടാകും. ഈ മാസം പത്തിന് ആരോഗ്യമന്ത്രി ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

