യാത്രക്കാർക്ക് ആശ്വാസം; ആനക്കയം പാലത്തിൽ പുതിയ കൈവരി സ്ഥാപിച്ചു
text_fieldsആനക്കയം പാലത്തിന് പുതിയ കൈവരി സ്ഥാപിച്ചപ്പോൾ
മഞ്ചേരി: വാഹനമിടിച്ച് തകർന്ന ആനക്കയം പാലത്തിന് ഇനി പുതിയ കൈവരി. കോൺക്രീറ്റ് കൈവരിയുടെ നിർമാണ പ്രവൃത്തി പൂർത്തിയായി. പാലത്തിന്റെ കൈവരി പൂർണമായും മാറ്റി. റോഡിനോട് ചേർന്ന് കോൺക്രീറ്റ് സ്ലാബ് നിർമിച്ച് മുകളിൽ കൈവരി സ്ഥാപിക്കുകയാണ് ചെയ്തത്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ ആദ്യ വാരത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. രണ്ട് മാസത്തിനകം പൂർത്തിയാക്കി. മാര്യാടുള്ള മുഹമ്മദ് കൈനിക്കര എന്ന കരാറുകാരനാണ് പ്രവൃത്തി ടെൻഡറെടുത്തത്.
നാലുമാസം മുമ്പാണ് പാലത്തിന്റെ കൈവരി മണ്ണുമാന്തി യന്ത്രം ഇടിച്ചുതകർന്നത്. അപകടശേഷം താൽക്കാലിക വീപ്പകൾ സ്ഥാപിച്ചും ചുറ്റും റിബൺ കെട്ടുകയും ചെയ്തിരുന്നു. പിന്നീട് ലോറി ജഡ്ജിയുടെ കാറുമായി കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. ഒരാഴ്ചക്കുശേഷം റോഡിലേക്ക് തള്ളിനിന്ന വീപ്പയിൽ തട്ടാതിരിക്കാൻ വെട്ടിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശി അഹമ്മദ് റിഷാബ് (18) മരിച്ചിരുന്നു.
ഇതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കൈവരി തകർന്നത് വാഹനങ്ങൾക്ക് നിരന്തരം ഭീഷണി സൃഷ്ടിച്ചിരുന്നു. അഞ്ച് മീറ്ററോളം നീളത്തിലാണ് കൈവരികൾ തകര്ന്നിരുന്നത്. കാലപ്പഴക്കം കാരണം പാലത്തിന്റെ മറ്റുഭാഗങ്ങളിലെ കൈവരിയുടെ ചിലഭാഗങ്ങളും തകർന്നിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചത്. പാലത്തിൽ വെളിച്ചവും നിരീക്ഷണ കാമറയും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

