തളിരിടാതെ ആനക്കയം അഗ്രോ പാർക്ക്
text_fieldsആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലെ കുട്ടികളുടെ പാർക്ക്
മഞ്ചേരി: വിനോദവും കാർഷിക പഠനവും ലക്ഷ്യമിട്ട് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച അഗ്രോ ടൂറിസം പാർക്ക് അവഗണനയിൽ. നാലുവർഷം മുമ്പ് പ്രഖ്യാപിച്ച രണ്ടാംഘട്ട വികസനം എങ്ങുമെത്തിയില്ല. സർക്കാർ ഫണ്ട് അനുവദിക്കാതെ വന്നതോടെയാണ് പദ്ധതി കാടുകയറിയത്. പാർക്കിന്റെ രണ്ടാംഘട്ടം ഉടൻ നടപ്പാക്കുമെന്ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. 2.5 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്.
നടീൽ വസ്തുക്കളും മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കാൻ ഹൈടെക് കൗണ്ടർ, ആംഫി തിയറ്റർ, കഫ്റ്റീരിയ തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ, നാലുവർഷം പിന്നിട്ടിട്ടും വികസനം നടപ്പാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.കർഷകർക്കും വിദ്യാർഥികൾക്കും ആധുനിക കൃഷിരീതികളെയും കാർഷിക സാങ്കേതിക വിദ്യകളെയും അടുത്തറിയാൻ നിർമിച്ച ജില്ലയിലെ ആദ്യ അഗ്രോ ടൂറിസം പാർക്കാണ് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേത്.
2019ലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 40 ലക്ഷം രൂപ ചെലവഴിച്ച് കുട്ടികളുടെ പാർക്ക്, നടപ്പാതകൾ, ഔഷധ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തോട്ടം, ഉദ്യാനം എന്നിവയാണ് ഒരുക്കിയത്. വലിയ ജലസംഭരണിക്ക് ചുറ്റുമുള്ള നടപ്പാതയും വ്യൂ പോയിൻറുമാണ് പാർക്കിലെ പ്രധാന ആകർഷണം. ഇതിലൂടെ നടന്ന് കാർഷിക വിളകളെ പരിചയപ്പെടാം. പാർക്കിനോട് ചേർന്ന് പ്ലാവിൻ തോട്ടവും ഒരുക്കിയിട്ടുണ്ട്. ഉയരം കൂടിയ ഭാഗത്തുള്ള വ്യൂ പോയിൻറിൽ കയറിയാൽ മഞ്ചേരി നഗരവും പരിസരവും കാണാനാകും.
വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ സന്ദർശകർ ദിനംപ്രതി എത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ നടപ്പാക്കിയ പദ്ധതിയിൽ 10 ലക്ഷം രൂപ കാർഷിക സർവകലാശാലക്ക് കിട്ടാനുണ്ട്. പദ്ധതി പൂർത്തിയായാൽ മാത്രമേ ഈ തുക ലഭിക്കൂവെന്ന് കരാറിലുണ്ടായിരുന്നു.എന്നാൽ, പ്രവൃത്തി പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും വിനോദസഞ്ചാര വകുപ്പിൽനിന്ന് തുക ലഭിച്ചിട്ടില്ല. ഇതാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കാൻ ഗവേഷണ കേന്ദ്രത്തിനും മടിയുണ്ടാകാൻ കാരണം.