തൃക്കലങ്ങോട് പഞ്ചായത്തിലെ സ്കൂളുകൾക്കെല്ലാം ഇനി ഒരു നിറം; 29.5 ലക്ഷം അനുവദിച്ചു
text_fieldsമഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറുന്നു. പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളുകൾക്കും ഏകീകൃത നിറം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പെയിൻറിങ്ങിനായി 29.5 ലക്ഷം രൂപ അനുവദിച്ചു.
ചെറുകുളം ജി.എൽ.പി സ്കൂൾ, ആനക്കോട്ടുപുറം എൽ.പി സ്കൂൾ, പുലത്ത് സ്കൂൾ, കാരക്കുന്ന് ജി.എം.എൽ.പി സ്കൂൾ, എളങ്കൂർ യു.പി സ്കൂൾ എന്നിവക്ക് നാല് ലക്ഷം വീതവും, ചെറുവണ്ണൂർ എൽ.പി സ്കൂൾ, ചെറാംകുത്ത് എൽ.പി സ്കൂളുകൾ എന്നിവക്ക് മൂന്ന് ലക്ഷം രൂപ വീതവും മഞ്ഞപ്പറ്റ എൽ.പി സ്കൂളിന് മൂന്നര ലക്ഷവുമാണ് അനുവദിച്ചത്.
പഞ്ചായത്ത് ആദ്യമായാണ് സ്കൂളുകൾക്ക് പെയിൻറിങ്ങിനായി പണം അനുവദിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഷാഹിദ മുഹമ്മദ് പറഞ്ഞു.

