മഞ്ചേരി ഓക്സിജൻ പ്ലാൻറ്: നിർമാണം ഉടൻ തുടങ്ങുമെന്ന് ഇ.ടിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
text_fieldsമലപ്പുറം: നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്ക് അനുവദിച്ച ഓക്സിജൻ പ്ലാൻറ് നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് ഉറപ്പുനൽകി.
കോവിഡ് വ്യാപനം രൂക്ഷമാവുന്ന ജില്ലക്ക് ഏറെ ആശ്വാസമായേക്കാവുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച് പൂർത്തിയാക്കണമെന്നും ഇ.ടി മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും കൊല്ലം പാരിപ്പള്ളിയിലുമാണ് പ്ലാൻറ് നിർമിക്കാൻ നാഷനൽ ഹൈവേ അതോറിറ്റിയുടെ അനുമതി. ഡി.ആർ.ഡി.ഒക്കായിരുന്നു നിർമാണ ചുമതല.
നിർമാണത്തിനു നിർദേശം ലഭിച്ച ഉടനെ ജില്ല ഭരണകൂടം പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും പ്ലാൻറ് എത്താൻ വൈകുമെന്ന കാരണത്താൽ പ്രവൃത്തി നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ജില്ലയിലെ എം.പിമാർ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും കത്തയക്കുകയുണ്ടായി.

