മഞ്ചേരി ഗേൾസ് സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം
text_fieldsമഞ്ചേരി: അരനൂറ്റാണ്ട് പെൺകുട്ടികളുടെ മാത്രം സ്കൂളായിരുന്ന മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ഇനി മിക്സഡ് സ്കൂളായി മാറുന്നു. ഈ വര്‍ഷം മുതല്‍ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. മിക്സഡ് സ്കൂളായി 2024 ഒക്ടോബർ നാലിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
സ്കൂളിന്റെ പേരിലെ ഗേള്‍സ് എടുത്തുമാറ്റി ജി.എച്ച്.എസ്.എസ് എന്നാക്കും. മുനിസിപ്പല്‍ ഭരണസമിതിയുടെ അംഗീകാരത്തോടെ എത്രയും വേഗം സര്‍ക്കാറില്‍നിന്നും പേരുമാറ്റത്തിനുള്ള അനുമതി ലഭ്യമാക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 1969ലാണ് സ്കൂൾ ആരംഭിച്ചത്. ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി 547 ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 550 ഉം വിദ്യാർഥികൾ പഠനം നടത്തുന്നു.
ആൺ, പെൺ ഭേദമില്ലാതെ പ്രവേശനം നൽകുന്നതോടെ ഡിവിഷൻ കുറയുന്നതും തടയാനാകും. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറി സംവിധാനവും പെണ്‍കുട്ടികള്‍ക്കുള്ള റെസ്റ്റ് റൂമും സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പി.ടി.എയുടെയും എസ്.എം.സിയുടെയും നേതൃത്വത്തില്‍ ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ 3.9 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മാണം ആരംഭിച്ച പുതിയ നാല് നില ഹൈടെക് കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ.
എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച പുതിയ സ്കൂള്‍ ബസ് വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തിനും ഒരു പരിധി വരെ പരിഹാരമാകും. നഗരസഭ വാർഷിക ഫണ്ട് ഉപയോഗിച്ച് പുതിയ ചുറ്റുമതിലും മറ്റു പുനരുദ്ധാരണ പ്രവൃത്തികളും നടത്തിയതായി എസ്.എം.സി ചെയര്മാന് എന്‍.ടി. ഫാറൂഖ്, പി.ടി.എ പ്രസിഡന്റ് യൂസഫ് മേച്ചേരി, പ്രിന്‍സിപ്പൽ എം. അലി, പ്രധാനാധ്യാപിക സി.ടി. അംബിക എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

