മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി: സ്ഥലമേറ്റെടുക്കാൻ വിദഗ്ധ സമിതി
text_fieldsമഞ്ചേരി മെഡിക്കൽ കോളജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് റവന്യൂ, മെഡിക്കൽ കോളജ് അധികൃതർ പരിശോധന നടത്തുന്നു
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്കായി ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിക്കും. ഏറ്റെടുക്കാനുദ്ദേശിക്കുന്ന 5.81 ഏക്കറിൽ റവന്യൂ ലാൻഡ് അക്വിസിഷൻ, മെഡിക്കൽ കോളജ് അധികൃതർ തിങ്കളാഴ്ച സംയുക്ത പരിശോധന നടത്തി. സ്ഥലത്തിന്‍റെ അതിർത്തി നിർണയം, കല്ലിട്ടത്, സ്കെച്ച്, റോഡ് സാധ്യത എന്നിവ സംഘം വിലയിരുത്തി.
നേരത്തേ സ്ഥലത്ത് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധസമിതി പഠനം നടത്തും. ഇവരുടെ റിപ്പോർട്ടിന്‍റെകൂടി അടിസ്ഥാനത്തിലാകും തുടർനടപടികൾ. സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പ്രദേശത്തിന്‍റെ പരിസ്ഥിതി ആഘാത വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. താഴ്ന്ന പ്രദേശമായതിനാൽ കെട്ടിടം നിർമിക്കാൻ മണ്ണിടേണ്ടിവരുമെന്നും അങ്ങനെ വന്നാൽ ഏഴ് കുടുംബങ്ങളെ വെള്ളക്കെട്ട് ബാധിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇക്കാര്യംകൂടി പരിഗണിച്ചായിരിക്കും വിദഗ്ധ സമിതിയുടെ പഠനം. ഇതിനുശേഷം 'ഇലവൻ വൺ' വിജ്ഞാപനം പുറപ്പെടുവിക്കും. ഭൂമിയിൽ സർവേ നടത്തി സൂപ്രണ്ടിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ഭൂമിയുടെ വില നിർണയിക്കാൻ ബി.വി.ആർ (ബേസിക് വാല്യു റെക്കോഡ്) തയാറാക്കും. നിശ്ചിത വർഷത്തിനുള്ളിൽ ഈ പ്രദേശത്തെ രജിസ്റ്റർ ചെയ്ത ആധാരം പരിശോധിച്ചാകും വിലനിർണയം നടത്തുക.
ലാൻഡ് അക്വിസിഷൻ തഹസിൽദാർ സി. വല്ലഭൻ, വില്ലേജ് അസി. ശബരിനാഥ്, ആർ.ഐ. ഷമീർ ബാബു, സർവേയർ എസ്. ഷിബു, ഷഫീഖ്, മെഡിക്കൽ കോളജ് അക്കൗണ്ട്സ് ഓഫിസർ അജിത എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഭൂവുടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭൂമി വിട്ടുനൽകാൻ ഉടമകൾ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഭൂമി വിട്ടുനൽകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കരുതെന്ന് കാണിച്ച് ഭൂവുടമകൾ മുഖ്യമന്ത്രി, മന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

