അരീക്കോടൻ കുഞ്ഞുമുഹമ്മദ് ഇനിയില്ല
text_fieldsഅരീക്കോടൻ കുഞ്ഞുമുഹമ്മദ്
മങ്കട: കോൽക്കളിയെ ജനകീയമാക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച പ്രതിഭയായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ അരീക്കോടൻ കുഞ്ഞുമുഹമ്മദ്. 1970-80 കാലഘട്ടങ്ങളിൽ ജില്ലയിലുടനീളം കോൽക്കളി എന്ന മാധ്യമവുമായി വിവിധ സന്ദേശ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ അരിപ്രയിലെ കോൽക്കളി ടീമിന്റെ മുഖ്യസൂത്രധാരനായിരുന്നു അരീക്കോടൻ കുഞ്ഞുമുഹമ്മദ് എന്ന കോൽക്കളി ഗുരുക്കൾ.
ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സ്വന്തം നിലയിൽ കോൽക്കളി പഠിച്ച് ആ രംഗത്ത് വലിയ സംഭാവനകൾ അർപ്പിച്ച പ്രതിഭയാണ്. അരിപ്ര ഗ്രാമത്തിൽനിന്ന് തന്റെ സമപ്രായക്കാരും സുഹൃത്തുക്കളുമടങ്ങുന്ന ഒരു സംഘത്തെ വളർത്തിയെടുത്ത് നാട്ടിൻപുറങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും കോൽക്കളി വേദികൾ സജീവമാക്കി.
കൂടാതെ നെഹ്റു യുവകേന്ദ്ര, ഇന്ത്യ പോപ്പുലേഷൻ പ്രോജക്റ്റ് എന്നിവയുടെ ആശയ പ്രചാരണത്തിന്റെ ഭാഗമായിതിരൂർ തുഞ്ചൻപറമ്പ്, മലപ്പുറം കലക്ടറേറ്റ്, മഞ്ചേരി ഗവ. ആശുപത്രി, അങ്ങാടിപ്പുറം പോളിടെക്നിക് തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പല വേദികളിലായി ഇവർ കോൽക്കളികൾ അവതരിപ്പിച്ചിട്ടുണ്ട്.
കോൽക്കളി പഠിപ്പിച്ചും കളിച്ചും പാട്ടുപാടിയും കോൽക്കളിയുടെ ആചാര്യൻ (ഗുരുക്കൾ) എന്ന നിലയിലാണ് കുഞ്ഞുമുഹമ്മദ് നാട്ടിൽ അറിയപ്പെടുന്നത്.
സാമ്പത്തിക നേട്ടമൊന്നും ഉണ്ടായിരുന്നില്ലെന്നും കളി അവതരിപ്പിക്കുന്നിടത്ത് നിന്ന് ഭക്ഷണം മാത്രമാണ് ലഭിച്ചിരുന്നതെന്നും ടീം അംഗങ്ങളിലൊരാളായ ഇപ്പോഴും കോൽക്കളി പാട്ടിൽ രംഗത്തുള്ള മാമ്പ്ര ഉമ്മർ എന്ന മാനു ഓർക്കുന്നു.
തോടേങ്ങൽ മുഹമ്മദ്, പേരയിൽ അസീസ്, കടുങ്ങപാറ മുഹമ്മദ്, കൂളിരി കുഞ്ഞുമുഹമ്മദ്, കക്കാട്ടിൽ ഹസൻ കുട്ടി, തേടേങ്ങൽ ഉമ്മർ, പരേതനായ ശശിധരൻ, കല്ലും കൂട്ടത്തിൽ ഹംസ തുടങ്ങിയവർ ടീം അംഗങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

