സംസ്ഥാന സ്കൂൾ കായികമേള; സബ് ജൂനിയർ ബോയ്സ് ഹോക്കിയിൽ മലപ്പുറം ചാമ്പ്യന്മാർ
text_fieldsസംസ്ഥാന സ്കൂൾ സബ് ജൂനിയർ ബോയ്സ് ഹോക്കിയിൽ ചാമ്പ്യന്മാരായ മലപ്പുറം ജില്ല ടീം
മലപ്പുറം: സംസ്ഥാന സ്കൂൾ സബ് ജൂനിയർ ബോയ്സ് ഹോക്കിയിൽ മലപ്പുറം ചാമ്പ്യന്മാരായി. വയനാടിനെ 5-1ന് തകർത്താണ് മലപ്പുറം ചാമ്പ്യൻപട്ടം നേടിയത്. ആദ്യ ക്വാർട്ടറിൽതന്നെ രണ്ടു ഗോളടിച്ചു തുടങ്ങിയ മലപ്പുറം, കളിയിലുടനീളം ആധിപത്യം പുലർത്തുകയായിരുന്നു. പ്രീക്വാർട്ടറിൽ എറണാകുളത്തെ 8-0ത്തിനും ക്വാർട്ടറിൽ കോഴിക്കോടിനെ 4-0ത്തിനും സെമിയിൽ തൃശൂരിനെ 4-0ത്തിനും തകർത്താണ് കലാശപ്പോരിനിറങ്ങിയത്.
മലപ്പുറത്തിന്റെ മുഹമ്മദ് ഷിഫിൻ നാലു കളിയിൽ അഞ്ചു ഗോളും നാല് അസിസ്റ്റുമായി ടൂർണമെൻറിലെ താരവും മുഹമ്മദ് ഉനൈസ് ഏഴു ഗോളടിച്ച് ടോപ് സ്കോററുമായി ജില്ലയുടെ താരങ്ങളായി. ക്യാപ്റ്റൻ ഷഹ്ദാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷിഫിൻ (മേൽമുറി എം.എം.ഇ.ടി സ്‌കൂൾ), റിഷാൻ (പറപ്പൂർ ഐ.യു.എച്ച്.എസ്.എസ്) കേരള ടീമിലേക്ക് സെലക്ഷൻ നേടി.
മലപ്പുറത്തിനുവേണ്ടി ആദ്യ ഇലവനിൽ കളിച്ച എട്ടു പേരും മേൽമുറി എം.എം.ഇ.ടി സ്കൂളിലെ താരങ്ങളാണ്. ക്യാപ്റ്റനും ദേശീയ താരവുമായ ഷഹദാൻ, ടോപ് സ്കോറർ മുഹമ്മദ് ഉനൈസ്, ടൂർണമെൻറിലെ താരം ഷിഫിൻ, ഗരീബ് നവാസ്, ലാമിക് ജാഫർ, മുഹമ്മദ് ഹസീബ്, ഗോൾകീപ്പർ ജഫകാഷ്, മുഹമ്മദ് സയ്യാൻ എന്നിവരെല്ലാം എം.എം.ഇ.ടിയിൽനിന്നുള്ള ഭാവി വാഗ്ദാനങ്ങളാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ സർട്ടിഫൈഡ് കോച്ചും അധ്യാപകനുമായ റിയാസ് അലി വി.പിയാണ് ടീം കോച്ച്. അധ്യാപകനായ മുഹമ്മദ് ഷഫീഖ് ടീം മാനേജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

