മലപ്പുറം താലൂക്ക് ആശുപത്രി; കിടത്തി ചികിത്സ അവതാളത്തിലായിട്ട് ഒരുവർഷം, അനക്കമില്ലാതെ അധികൃതർ
text_fieldsമലപ്പുറം: ആയിരങ്ങൾ ആശ്രയിക്കുന്ന മലപ്പുറം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സയും അനുബന്ധ സേവനങ്ങളും ഒരു വർഷത്തോളമായി അവതാളത്തിലെന്ന് ആക്ഷേപം.
നേരത്തെ 116 ബെഡുകളുണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ 30 ബെഡുകളിൽ മാത്രമാണ് കിടത്തി ചികിത്സ നൽകുന്നത്. ദിവസേന ശരാശരി ആയിരത്തോളം പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണം രോഗികൾ പ്രയാസത്തിലാകുന്നത്. കിടത്തി ചികിത്സ മുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇതിന് ബദല്‍ സംവിധാനം ഒരുക്കുകുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ആശുപത്രിയിലെ ഓപറേഷന് തിയേറ്റര്‍ ഒന്നര മാസങ്ങള്‍ക്ക് മുമ്പേ തീപിടിത്തത്തില്‍ കത്തി നശിച്ചതോടെ അടച്ച നിലയിലാണ്. താലൂക്ക് ആശുപത്രിയോടുള്ള അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനിരിക്കുകയാണ് മലപ്പുറം താലൂക്ക് ആശുപത്രി സംരക്ഷണ സമിതി.
ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാൻ മലപ്പുറത്തെ ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്താൻ തയാറാകണമെന്ന് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ സംജീർ വാറങ്കോട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2021ല്‍ ആശുപത്രിക്ക് ഒമ്പത് കോടി രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ തുക ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുളള ബില്‍ഡിങില്‍ കിടത്തി ചികിത്സ നിര്‍ത്തി ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് അന്നത്തെ സൂപ്രണ്ട് കെട്ടിടത്തിന് അണ്‍ഫിറ്റ് നല്‍കിയതാണ്. അന്നു മുതലാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തിവെച്ചതെന്നും സംരക്ഷണ സമിതി ഭാരവാഹികളായ സംജീർ, ഷാജി, ഇംതിയാസ് എന്നിവർ പറഞ്ഞു.
മലപ്പുറം മുനിസിപ്പാലിറ്റിക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല. ഇവരുടെ ഭാഗത്തുനിന്നും ആശുപത്രി എച്ച്.എം.സി യുടെ ഭാഗത്തു നിന്നുമുണ്ടായ കടുത്ത അനാസ്ഥയുടെ ബാക്കി പത്രമായിട്ടാണ് താലൂക്ക് ആശുപത്രിയുടെ ദുരാവസ്ഥക്ക് കാരണം. നിലവില്‍ ആശുപത്രിയുടെ ഭൂമി പോലും ആരോഗ്യ വകുപ്പിന് കീഴിലല്ല. അത് വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇത് ആരോഗ്യ വകുപ്പിന് വിട്ടു കിട്ടാന്‍ വേണ്ട നടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

