പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചർ മാറ്റൽ ഉപസമിതിയെ ചുമതലപ്പെടുത്തി കൗൺസിൽ യോഗം
text_fieldsമലപ്പുറം: പാണക്കാട് നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചർ എത്തിക്കുന്ന വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ നഗരസഭ കൗൺസിൽ യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സെക്കീർ ഹുസൈൻ, കൗൺസിലർ സൽമ, നഗരസഭ സൂപ്രണ്ട്, മുനിസിപ്പൽ എൻജിനീയർ എന്നിവരടങ്ങുന്ന ഉപസമിതിയുടെ മേൽ നോട്ടത്തിലാകും നടപടി.
ഫർണിച്ചർ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി നഗരസഭയിലെ പഴയ ഫർണിച്ചറുകൾ ഉപസമിതി പരിശോധിക്കും. ഇതിൽ ഉപയോഗപ്രദമായത് ഏതെല്ലാം എന്നത് വിലയിരുത്തി മികച്ചത് ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും. നഗര ആരോഗ്യ കേന്ദ്രത്തിലേക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൽ(എൻ.എച്ച്.എം) രണ്ട് ഡോക്ടർമാരുടെ തസ്തിക കൂടി അനുവദിച്ചതോടെയാണ് ഫർണിച്ചറിന്റെ അവശ്യം വന്നത്.
തുടർന്ന് വാർഡ് കൗൺസിലറും മെഡിക്കൽ ഓഫിസറും വിഷയം ചൂണ്ടിക്കാട്ടി നഗരസഭക്ക് കത്ത് നൽകി. ഇതോടെ നഗരസഭ അധികൃതർ ഫർണിച്ചർ നൽകാമെന്ന് ഉറപ്പും നൽകി. ഇതിന്റെയടിസ്ഥാനത്തിൽ ആഗസ്റ്റ് 20ന് ആശുപത്രിയിലേക്ക് ഫർണീച്ചർ കൊണ്ടുപോയി.
ഫർണിച്ചർ കൊണ്ടുപോയതിൽ സെക്രട്ടറി എതിർപ്പ് രേഖപ്പെടുത്തി. തന്റെ അനുമതിയില്ലാതെ കൊണ്ടുപോയ സാധനം ആശുപത്രിയിൽ നിന്ന് തിരിച്ച് കൊണ്ടു വരാൻ സെക്രട്ടറി നിർദേശം നൽകി. തുടർന്ന് ആഗസ്റ്റ് 22ന് ഇവ തിരിച്ച് നഗരസഭയിലെത്തിച്ചു. പ്രശ്നം ആഗസ്റ്റ് 23 ന് ചേർന്ന കൗൺസിൽ യോഗത്തിൽ വലിയ ബഹളങ്ങൾക്ക് കാരണമായി. തുടർന്ന് പ്രത്യേക കൗൺസിൽ യോഗം നടത്താൻ നിശ്ചയിക്കുകയായിരുന്നു.
സംസ്ഥാനത്ത് നവംബറിൽ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയുടെ മുന്നോടിയായി സെപ്റ്റംബറിൽ പ്രത്യേക യോഗം വിളിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

