നമ്പ്രാണി തടയണ നിർമാണം അവസാനഘട്ടത്തിലേക്ക്
text_fieldsനമ്പ്രാണി തടയണയുടെ നിർമാണ പുരോഗതി നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം
പരിശോധിക്കുന്നു
മലപ്പുറം: കേന്ദ്ര സഹായത്തോടെ നഗരസഭയുടെ ആഭിമുഖ്യത്തിൽ കടലുണ്ടി പുഴയിൽ നടപ്പാക്കുന്ന നമ്പ്രാണി തടയണ നിർമാണം അവസാനഘട്ടത്തിലേക്ക്. മുൻനിശ്ചയിച്ച സമയക്രമം പാലിച്ച് ഏപ്രിൽ 15നകം പദ്ധതി പൂർത്തീകരിക്കപ്പെടുന്ന രീതിയിലാണ് നിർമാണം നീങ്ങുന്നത്.
തടയണയുടെ നാല് ബീമുകളുടെയും പ്രവർത്തനം പൂർത്തിയായി. തടയണയുടെ നാല് ഷട്ടർ പ്രവർത്തനങ്ങളും, മെക്കാനിക്കൽ വർക്കുകളും അന്തിമഘട്ടത്തിലാണ്. കേന്ദ്രസർക്കാറിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 25.5 കോടി രൂപ ചെലവിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം പൂർത്തീകരിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ മലപ്പുറം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടെ 15 കിലോമീറ്റർ ദൂരപരിധിയിൽ ജലസമൃദ്ധി ഉറപ്പാക്കാൻ കഴിയും. തടയണ പൂർത്തിയാകുന്നതോടെ നഗരസഭ പ്രദേശത്തെ ശുദ്ധജല വിതരണത്തിൽ വലിയ പുരോഗതി കൈവരിക്കാനാകും. ഇതോടൊപ്പം കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ 75 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണ പ്രവർത്തനത്തിനും തുടക്കം കുറിച്ചു.
കൂടാതെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്നത് ഉൾപ്പെടെ സമഗ്രമായ കേന്ദ്രവിഷ്കൃത പദ്ധതികളാണ് നഗരസഭയിൽ പൂർത്തിയായി കൊണ്ടിരിക്കുന്നത്. പദ്ധതി പുരോഗതി വിലയിരുത്തിയ ഉന്നതല സമിതി യോഗശേഷം സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
നിർമാണ പുരോഗതിയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ. സക്കീർ ഹുസൈൻ, സി.പി. ആയിശാബി, നഗരസഭ കൗൺസിലർ സജീർ കളപ്പാടൻ, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, മുനിസിപ്പൽ എൻജിനീയർ പി.ടി. ബാബു, ഇറിഗേഷൻ അസിസ്റ്റന്റ് ഷബീബ്, കെ.എസ്.ഇ.ബി അസി. എൻജിനീയർ മുഹമ്മദ് ഇക്ബാൽ, ജല വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് റനീഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.