അടവുകൾ അനവധി, പാളയത്തിലെ പട ഭീഷണി
text_fieldsമലപ്പുറം: തദ്ദേശപോരിന് കനം വെക്കുമ്പോൾ പാർട്ടി നേതാക്കൾക്ക് നെഞ്ചിടിപ്പ് ഏറുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നനിലക്ക് തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് ജീവന്മരണ പോരാട്ടമാണ്. കഴിഞ്ഞ തവണ വിജയിച്ച വാർഡുകൾ നിലനിർത്തുന്നതിനോടൊപ്പം കുറഞ്ഞ വോട്ടിന് കൈവിട്ടവ തിരിച്ചുപിടിക്കുകയും വേണം. പഞ്ചായത്തുകളിലും നഗരസഭകളിലും ആധിപത്യം നിലനിർത്തണം.
യു.ഡി.എഫ് പരമാവധി സീറ്റുകളിൽ വിജയം ലക്ഷ്യമിടുമ്പോൾ, നില മെച്ചപ്പെടുത്താൻ അടവുകൾ പുറത്തെടുക്കുകയാണ് എൽ.ഡി.എഫ്. പ്രാദേശിക നീക്കുപോക്കുകളിലൂടെ മികച്ച വിജയമെന്ന തന്ത്രം ഇരു മുന്നണികളും പയറ്റുമ്പോൾ, പലയിടങ്ങളിലും പാളയത്തിലെ പടയാണ് ഭീഷണി. പൊന്മുണ്ടത്ത് യു.ഡി.എഫിലും വാഴയൂരിൽ എൽ.ഡി.എഫിലും വിമതസ്വരം ശക്തമാണ്. മറ്റു ചിലയിടങ്ങളിലും പ്രശ്നങ്ങളുണ്ട്.
വോട്ടുബലം വെച്ച് ജില്ലയിലെ ഒന്നാമത്തെ രാഷ്ടീയ ശക്തിയാണ് മുസ്‍ലിംലീഗ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം ജില്ലയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന പാർട്ടി ലീഗാണ്. നിലവിൽ, ത്രിതല പഞ്ചായത്തിലും നഗരസഭയിലുമായി ആകെയുള്ള 2510 വാർഡുകളിൽ 1072ലും ലീഗിന് സാരഥികളുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾക്കൊപ്പം 11 േബ്ലാക്ക് പഞ്ചായത്തുകളിലും 57 ഗ്രാമപഞ്ചായത്തുകളിലും ലീഗിന് അധ്യക്ഷപദവിയുണ്ട്. ജില്ല പഞ്ചായത്തിലെ 21ഉം േബ്ലാക്ക് പഞ്ചായത്തിലെ 110ഉം ഡിവിഷനുകളിൽ ലീഗിനാണ് സാരഥ്യം. ഗ്രാമപഞ്ചായത്തിലെ 728ഉം നഗരസഭയിലെ 205ഉം വാർഡുകളെ പ്രതിനിധീകരിക്കുന്നതും മുസ്‍ലിംലീഗ്.
രാഷ്ട്രീയസ്വാധീനത്തിൽ രണ്ടാമതുള്ള സി.പി.എമ്മിന് ജില്ലയിൽ 695 മെമ്പർമാരുണ്ട്, പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രർ വേറെയും. ഗ്രാമപഞ്ചായത്തിൽ, പാർട്ടി ചിഹ്നത്തിൽ ജയിച്ച 521 മെമ്പർമാരും 50ലേറെ ഇടതു സ്വതന്ത്രരുമുണ്ട്. നഗരസഭകളിലേക്ക് 124 പേരെ പാർട്ടി ചിഹ്നത്തിലും 19 സ്വതന്ത്രരെയും ജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. േബ്ലാക്ക് പഞ്ചായത്തിൽ 65ഉം ജില്ല പഞ്ചായത്തിൽ നാലും പ്രതിനിധികൾ സി.പി.എമ്മിന്റെതായുണ്ട്. 25 ഗ്രാമപഞ്ചായത്തുകളുടെയും മൂന്ന് േബ്ലാക്ക് പഞ്ചായത്തുകളുടെയും മൂന്ന് നഗരസഭകളുടെയും അധ്യക്ഷപദവും സി.പി.എം അലങ്കരിക്കുന്നു.
കോൺഗ്രസിന് ജില്ലയിൽ നഗരസഭയിലും ത്രിതലത്തിലുമായി 450 വാർഡുകളിൽ സാരഥ്യമുണ്ട്. 340 പഞ്ചായത്ത് മെമ്പർമാരുണ്ട്. 48 േബ്ലാക്ക് ഡിവിഷനിലും 55 നഗരസഭ വാർഡിലും പാർട്ടിയുടെ ജനപ്രതിനിധികളുണ്ട്. ജില്ല പഞ്ചായത്തിലെ അംഗബലം ആറ്. പഞ്ചായത്ത് പ്രസിഡന്റുമാരിൽ 12 പേർ കോൺഗ്രസുകാർ.
എൽ.ഡി.എഫിലെ രണ്ടാംകക്ഷിയായ സി.പി.ഐക്ക് ജില്ലയിൽ ത്രിതലത്തിലും നഗരസഭയിലുമായി 47 വാർഡുകളിൽ പ്രതിനിധികളുണ്ട്. ഗ്രാമപഞ്ചായത്തിൽ 125 സീറ്റിലേക്ക് മത്സരിച്ച പാർട്ടി വിജയിച്ചത് 32 ഇടത്ത്. നഗരസഭയിൽ 35 ഇടത്ത് മത്സരിക്കുകയും 11 വാർഡുകൾ നേടുകയുംചെയ്തു. മൂന്ന് േബ്ലാക്ക് മെമ്പർമാരും ഒരു ജില്ല പഞ്ചായത്തംഗവും സി.പി.ഐക്കുണ്ട്.
വെൽഫെയർ പാർട്ടിക്ക് ജില്ലയിൽ ആകെ 25 വാർഡുകളിൽ സാരഥ്യമുണ്ട്. വളാഞ്ചേരിയിൽ രണ്ടും കൊണ്ടോട്ടി, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിൽ ഒരോ പ്രതിനിധിയും പാർട്ടിക്കുണ്ട്. കൂട്ടിലങ്ങാടി പഞ്ചായത്തിൽ മൂന്നും മക്കരപറമ്പിലും കീഴുപറമ്പിലും വെട്ടത്തൂരിലും രണ്ട് വീതവും അങ്ങാടിപ്പുറം, കീഴാറ്റൂർ, ഏലംകുളം, വേങ്ങര, പറപ്പൂർ, എടപ്പാൾ, വെട്ടം, തലക്കാട്, എടയൂർ, നന്നമ്പ്ര പഞ്ചായത്തുകളിൽ ഓരേ അംഗങ്ങളുമുണ്ട്. മലപ്പുറം േബ്ലാക്കിലെ ഒരു ഡിവിഷനും പാർട്ടിക്കുണ്ട്.
എസ്.ഡി.പി.ഐക്ക് ജില്ലയിൽ പത്ത് വാർഡിൽ സാരഥ്യമുണ്ട്. മഞ്ചേരി നഗരസഭയിലെ ഒരു കൗൺസിലർ പാർട്ടിയുടെതാണ്. ചോക്കാട്, ഊരകം, എ.ആർ നഗർ, കണ്ണമംഗലം, ഒതുക്കുങ്ങൽ, പൊന്മള, വെളിയങ്കോട്, ചെറിയമുണ്ടം, ആതവനാട് ഗ്രാമപഞ്ചായത്തുകളിൽ എസ്.ഡി.പി.ഐക്ക് ഒാരോ അംഗങ്ങളുണ്ട്. എൽ.ഡി.എഫ് ഘടകക്ഷിയായ ഐ.എൻ.എല്ലിന് ഏഴും കേരള കോൺഗ്രസ്-എമ്മിന് ആറും സി.എം.പിക്ക് മൂന്നും പ്രതിനിധികളുണ്ട്. തൃണമൂൽ കോൺഗ്രസ്, എൽ.ജെ.ഡി, ആർ.ജെ.ഡി, കേരള കോൺഗ്രസ്, എൻ.സി.പി ഉൾപ്പെടെ പാർട്ടികൾക്ക് ഓരോ വാർഡുകളുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പൊതുസ്വതന്ത്രരായി എട്ടും നഗരസഭയിൽ രണ്ടും പേരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

