ഭൂമി തരംമാറ്റൽ അപേക്ഷ; തീർപ്പാക്കാനുള്ള പട്ടികയിൽ മലപ്പുറം രണ്ടാമത്
text_fieldsമലപ്പുറം: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുള്ള അപേക്ഷകളുടെ പട്ടികയിൽ മലപ്പുറം ജില്ല സംസ്ഥാനത്ത് രണ്ടാമത്. തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിലായി 27,773 അപേക്ഷകളാണ് ഇനിയും തീർപ്പാക്കാൻ കിടക്കുന്നത്. കൂടുതലുള്ള തിരൂർ താലൂക്കിൽ 16,374 അപേക്ഷകളും പെരിന്തൽമണ്ണയിൽ 11,399 അപേക്ഷകളും തീർപ്പിനായി കാത്തിരിക്കുന്നുണ്ട്. പട്ടികയിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത്. എറണാകുളത്ത് 72,766 അപേക്ഷകളുണ്ട്.
ഇടുക്കിയിലാണ് ഏറ്റവും കുറച്ച് അപേക്ഷകൾ തീർക്കാനുള്ളത്. 2,652 അപേക്ഷകളാണ് ഇടുക്കിയിൽ തീർക്കാനുള്ളത്. പട്ടികയിൽ മൂന്നാമതുള്ള പാലക്കാട് -21,287, നാലാമുള്ള തൃശൂർ -19,587, ആലപ്പുഴ -12,642, തിരുവനന്തപുരം -11,821, കൊല്ലം -11,659, കണ്ണൂർ -9,906, കോട്ടയം -7,293, വയനാട് -7,106, കോഴിക്കോട് -6,153, കാസർകോട് -4,517, പത്തനംതിട്ട -3,681 എന്നിങ്ങനെയാണ് കണക്ക്. നിലവിൽ അപേക്ഷകളിൽ വേഗത്തിൽ തീർപ്പാക്കുന്നതിന് റവന്യൂ ഡിവിഷനൽ ഓഫിസർമാരുടെ ചുമതല വിനിയോഗിക്കുന്നതിന് സബ് കലക്ടർമാർക്കും ഡെപ്യൂട്ടി കലക്ടർമാർക്കും താലൂക്കുതലത്തിൽ ചുമതല നൽകിയിട്ടുണ്ട്.
കൂടാതെ തരംമാറ്റ നടപടികൾക്ക് മാത്രമായി ജൂനിയർ സൂപ്രണ്ടുമാരെയും ക്ലാർക്കുമാരെയും റവന്യൂ വകുപ്പ് വിനിയോഗിച്ചിട്ടുണ്ട്. റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ ഏകീകൃത രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) അധികൃതർ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

