ചില്ല് തകർന്നതിൽ ‘ട്വിസ്റ്റ്’
text_fieldsമലപ്പുറം കെഎസ്.ആർ.ടി.സി ഷോപ്പിങ് കോപ്ലക്സിലെ ചില്ല്
തകർന്ന നിലയിൽ
മലപ്പുറം: നിർമാണം പുരോഗമിക്കുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന സംഭവത്തിൽ ‘ട്വിസ്റ്റ്’. ചില്ല് ആരോ തകർത്തതാണെന്ന സംശയത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞാണ് ചില്ല് തകർത്തതെന്ന രീതിയിലും പ്രചാരണങ്ങളും വന്നിരുന്നു.
കഴിഞ്ഞദിവസം കലക്ടറേറ്റിൽ ചേർന്ന ജില്ല വികസന സമിതിയിലും എം.എൽ.എമാരടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി കുറ്റവാളികളെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില്ല് ആരും തകർത്തതെല്ലെന്നും തനിയെ പൊട്ടിയതാണെന്നുമാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ഉടനെ കെ.എസ്.ആർ.ടി.സി അധികൃതർക്ക് കൈമാറും. ചില്ല് പൊട്ടുന്ന സമയത്തെ സി.സി.ടി.ടി ദൃശ്യങ്ങളും പരിസരങ്ങളിലെ സൂചനകളുമെല്ലാം പൊലീസ് പരിശോധിച്ചു. ചില്ല് പൊട്ടിവീഴുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ‘മാധ്യമ’ത്തിന് ലഭിച്ചു.
ഈ ദൃശ്യങ്ങളിലും ആരെങ്കിലും കല്ലെറിയുന്നതായോ സമീപത്ത് ചില്ലിനടുത്ത് കല്ലോ മറ്റു ഭാരമുള്ള വസ്തുക്കളോ കാണുന്നില്ല. പകൽ സമയത്ത് വിദ്യാർഥികളടക്കം നിരവധിയാളുകൾ റോഡിലൂടെ നടന്നുപോകുന്ന സമയത്താണ് ചില്ലിളകി പൊടിഞ്ഞതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചില്ല് പൊട്ടി വീഴുന്നതിന്റെ ശബ്ദം കേട്ട് റോഡിനുവശത്തിലൂടെ നടന്ന സ്ത്രീകളടക്കം തിരിഞ്ഞുനോക്കുന്നതും സി.സി.ടി.വിയിലുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നതോടെ നിർമാണത്തിലെ അപാകതയാവാം പുതുതായി സ്ഥാപിച്ച ചില്ല് പൊട്ടിവീഴാൻ കാരണമെന്ന ആക്ഷേപം ഉയർന്നേക്കും.
ഒരു പ്രകമ്പനവുമില്ലാതെ പുതുതായി സ്ഥാപിച്ച കട്ടിയുള്ള ചില്ല് പൊടിഞ്ഞുവീഴില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. അതേസമയം ചില്ല് പൊട്ടിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് തിങ്കളാഴ്ച അന്വേഷണം പൂർത്തിയായതായി അറിയിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച റിപ്പോർട്ട് ലഭിക്കുമെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. നിർമാണ ചുമതല വഹിച്ച ഏജൻസിയോട് ചില്ല് പൊട്ടിയത് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

