യാത്രക്കാരുടെയും ബസുകളുടെയും 'നടുവൊടിച്ച്' മലപ്പുറം ഡിപ്പോ
text_fieldsമലപ്പുറം: യാത്രക്കാരുടെയും ബസുകളുടെയും 'നടുവൊടിച്ച്' മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ. ഇവിടെ പ്രവേശന കവാടം മുതൽ ബസുകൾ നിർത്തിയിടുന്ന ഭാഗം വരെ പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ ഭാഗത്തെ ടാറിങ് പോയതോടെയാണ് യാത്ര ദുഷ്കരമായത്. കഴിഞ്ഞ കുറെ വർഷങ്ങളായി മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ അവസ്ഥ ഇതാണ്.
പ്രധാനപാതയിൽനിന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് മുതൽ ബസുകൾ നിർത്തിയിടുന്നത് വരെ ഭാഗം ശോച്യാവസ്ഥയിലാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന സ്റ്റാൻഡിലൂടെ ബസുകൾ പ്രവേശിക്കുമ്പോൾ യാത്രക്കാർക്ക് അങ്ങേയറ്റം പ്രയാസകരമാണ്. ബസുകൾക്കും ഇത് കേടുപാടുകൾ ഉണ്ടാക്കും. കൂടാതെ, ഇവിടെ പൊടിശല്യവും രൂക്ഷമാണ്.
ഡിപ്പോ റീടാർ ചെയ്താൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. 2016ൽ പ്രവൃത്തി ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം നീളുന്നതാണ് ഇവിടെ റീടാർ ചെയ്യുന്നതിന് തടസ്സമായി ഉന്നയിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഡിപ്പോയും റീ ടാർ ചെയ്യും. എന്നാൽ, 2016 ൽ ആരംഭിച്ച പ്രവൃത്തി എത്രയോ കാലമായി ഇഴഞ്ഞുനീങ്ങുകയാണ്.
കഴിഞ്ഞ ഡിസംബറോടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ ഗതാഗത മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ചിരുന്നു. ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഡിസംബർ 31 നകം പൂർത്തീകരിച്ച് ജനുവരി ആദ്യവാരം ഉദ്ഘാടനം നടത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ, ഇതിന് നടപടികൾ എവിടെയും എത്തിയിട്ടില്ല.
വിഷയം നിയമസഭയിൽ ഉന്നയിച്ച് എം.എൽ.എ
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം സംബന്ധിച്ച് പി. ഉബൈദുല്ല എം.എൽ.എ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡപ്പോയുടെ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വേണ്ട അത്യാവശ്യ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും സെപ്റ്റംബർ ഒന്ന് മുതൽ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു മറുപടി നൽകി.
കെട്ടിടത്തിന്‍റെ വൈദ്യുതീകരണ പ്രവൃത്തി 1.44 കോടി രൂപയുടെ കരാർ ഉറപ്പിച്ച് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള സിവില്‍ പ്രവൃത്തികൾ പഴയ കരാറുകാരന്‍ 15 ശതമാനം അധിക നിരക്കും 12 ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടുത്തി ചെയ്യുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കെട്ടിടം ഉപയോഗപ്രദമാക്കാന്‍ കെ.എസ്.ആർ.ടി.സി നടപടി സ്വീകരിച്ചു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പൂർത്തിയാക്കിയ പ്രവൃത്തിയുടെ തുക കരാറുകാരന് കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

