മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും
text_fieldsമലപ്പുറത്തെ നിർദിഷ്ട കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ്
മലപ്പുറം: ജില്ല ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഡിസംബർ 31നകം പൂർത്തീകരിക്കാൻ ഗതാഗത മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നിയമസഭ കോംപ്ലക്സിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. പാതി വഴിയിൽ നിർത്തിവെച്ച നിർമാണ നടപടികൾ പുനരാരംഭിക്കണമെന്ന പി. ഉബൈദുല്ല എം.എൽ.എയുടെ ആവശ്യപ്രകാരമായിരുന്നു യോഗം.
പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. 7.90 കോടി രൂപ ചെലവിൽ നാലു നിലകൾ നിർമിക്കുന്നതിനാണ് ടെൻഡർ ചെയ്തിട്ടുള്ളത്. 70 ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഇലക്ട്രിക്കൽ, യാർഡ്, േഫ്ലാറിങ്, പെയിൻറിങ്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമാണം എന്നിവ കൂടി തീർക്കാനുണ്ടെന്നും യോഗത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് ജൂൺ 30നകം തയ്യാറാക്കും. ഇതിനായി എം.എൽ.എയും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും.
മലപ്പുറം ഡിപ്പോയിൽ പെട്രോൾ, ഡീസൽ സി.എൻ.ജി യൂനിറ്റുകൾ ഒന്നര വർഷത്തിനകം യാഥാർഥ്യമാക്കാനും തീരുമാനിച്ചു. യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ, മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ശ്യാമള, ജനറൽ മാനേജർ കെ.എ. സന്തോഷ്, എസ്റ്റേറ്റ് ഓഫിസർ പ്രദീപ്, മലപ്പുറം ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, കൺസൾട്ടിങ് ഏജൻസിയായ എച്ച്.എൽ.എൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.