മലപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 9.7 കോടി
text_fieldsഅര നൂറ്റാണ്ടിലധികം പഴക്കമുള്ള മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ കെട്ടിടം
മലപ്പുറം: കോട്ടപ്പടിയിലെ ഗവ. താലൂക്ക് ആശുപത്രിക്ക് പുതിയൊരു കെട്ടിടം കൂടി വരുന്നു. ആശുപത്രി ആരംഭിച്ച അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചാണ് ഇത് പണിയുക. നിർമാണത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 9.7 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കൽ നടപടികൾ താമസിയാതെ ആരംഭിക്കും. കോഴിക്കോട്- പാലക്കാട് ദേശീയപാതക്ക് സമീപം വർഷങ്ങളായി ഏറെ ശോച്യാവസ്ഥയിലുള്ള പ്രധാന കെട്ടിടമാണ് പൊളിച്ചുമാറ്റുക. ഇതിെൻറ ചുമരും സീലിങ്ങുകളും അടർന്ന് കുറേക്കാലമായി അപകടാവസ്ഥയിലാണ്.
ആശുപത്രി ഒ.പിയും ഓഫിസുകളുമെല്ലാം പഴയ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിറകുവശത്ത് പുതിയ കെട്ടിടമുണ്ടാക്കിയതോടെ ഒ.പി അവിടേക്ക് മാറ്റി. എൻ.ആർ.എച്ച്.എം ഫണ്ടിൽ ഇതിന് ഒരു നില കൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
ഏതാനും വർഷം മുമ്പ് സ്ഥാപിച്ച മാതൃ-ശിശു ആശുപത്രിയും സമീപത്ത് പ്രവർത്തിക്കുന്നു. ഓഫിസുകൾക്ക് പുറമെ കോവിഡ് വെൻറിലേറ്റർ ഐ.സി.യു ഉൾപ്പെടെയുള്ളത് പഴയ കെട്ടിടത്തിെൻറ താഴത്തെ നിലയിലാണ്. മുകൾ നിലയിൽ കിടത്തിച്ചികിത്സയും. ഈ കെട്ടിടത്തോട് ചേർന്ന് വർഷങ്ങൾ പഴക്കമുള്ള മറ്റൊരു കെട്ടിടവുമുണ്ട്. ജനറൽ ആശുപത്രിയെന്ന ജില്ല ആസ്ഥാനത്തിെൻറ സ്വപ്നത്തിന് കരുത്തേകുന്നതാവും പുതിയ നിർമാണമെന്നാണ് വിലയിരുത്തൽ.